റോഡ് നിർമാണം വൈകുന്നത് യാത്രക്കാരെ വലക്കുന്നു
text_fieldsനിർമാണം പാതിവഴിയിലായ ആലത്തൂർ -പള്ളിത്താഴെ-കാപ്പിസെറ്റ് റോഡ്
പുൽപള്ളി: പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയായി പി.എം.ജി.എസ്. വൈയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ ആലത്തൂർ- പള്ളിത്താഴെ-കാപ്പിസെറ്റ് റോഡുപണി വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. നാലര കിലോമീറ്റോളം നീളത്തിൽ ടാറിങ് ചെയ്യേണ്ട റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. റോഡിന്റെ തുടർ പ്രവൃത്തികൾ ആരംഭിക്കാത്തതിനാൽ ഈ വഴി യാത്ര ചെയ്യുന്ന ആളുകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
റോഡ് പണി തുടങ്ങിയിട്ട് ആറ് മാസത്തിലേറെയായി. വാഹനങ്ങൾ ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പലയിടങ്ങളും. പണിതുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്.
സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. റോഡ് പണിക്ക് കൂടുതൽ തുക അനുവധിക്കുമെന്ന സൂചനയുള്ളതുകൊണ്ടാണ് പണികൾ നിർത്തിവെച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. പുൽപള്ളി ടൗൺ സ്പർശിക്കാതെ മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് പ്രവേശിക്കാനുള്ള എളുപ്പ വഴിയായും ഇത് കണക്കാക്കുന്നു.
തകർന്ന് തരിപ്പണമായി ചാരിറ്റി റോഡ്
വൈത്തിരി: നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പഴയവൈത്തിരി-ചാരിറ്റി റോഡ് തകർന്നിട്ട് മാസങ്ങളായെങ്കിലും നന്നാക്കാൻ നടപടയില്ല. നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളുമുള്ള പൂഞ്ചോല, ചാരിറ്റി, മുള്ളൻപാറ, വട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് സഞ്ചാരികൾ കടന്നുപോകുന്ന റോഡാണ് അധികൃതരുടെ അനാസ്ഥയിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്.
ഈ റോഡിൽ പഴയ വൈത്തിരിയോട് ചേർന്ന് കിടക്കുന്ന ഇരുമ്പുപാലവും ചാരിറ്റി മഠത്തിനടുത്തുള്ള പാലവും കാലപ്പഴക്കംകൊണ്ട് തകരാറായ അവസ്ഥയിലാണ്. ചാരിറ്റി റോഡിന്റെ ശോചനീയാവസ്ഥയിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, ചാരിറ്റി, മുള്ളൻപാറ റോഡുകളുടെ പണിക്കു വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയുടെ കീഴിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും, ഈ റോഡുകളുടെ പണി അടുത്ത മാസം തന്നെ തുടങ്ങുമെന്നും വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

