കാട്ടാന ആക്രമണ മരണം; നഷ്ടപരിഹാരത്തിന് വനം വകുപ്പിന്റെ വാഹനങ്ങള്‍ കണ്ടുകെട്ടാൻ ഉത്തരവ്
text_fieldsപ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക ഈടാക്കാന്‍ വനം വകുപ്പിന്റെ വാഹനങ്ങള്‍ കണ്ടുകെട്ടാൻ കോടതി ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി മുനിസിഫ് കോടതിയാണ് നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.
2014ല്‍ സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയത്ത് റേഞ്ചിലെ കൂടല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് നല്കിയ ഹരജിയിലാണ് കോടതി വിധി. രണ്ടു തവണയായി ആറു ലക്ഷം രൂപയാണ് കുടുംബത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കിയത്. ഇത് പര്യാപ്തമല്ലെന്ന് കാണിച്ചാണ് മാതാവ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു നല്കാന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വനം വകുപ്പ് സബ് കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി.
തുടര്‍ന്നാണ് വാഹനങ്ങള്‍ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ സഫാരിക്ക് ഉപയോഗിക്കുന്ന രണ്ട് ബസുകള്‍ കണ്ടുകെട്ടാൻ വെള്ളിയാഴ്ച ജീവനക്കാരെത്തി. എന്നാല്‍, വനം വകുപ്പ് കോടതിയില്‍ കച്ചീട്ട് നല്കിയതിനാല് വാഹനം കൊണ്ടുപോയിട്ടില്ല. അഡ്വ. വിജയകുമാർ കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

