നിര്‍ദേശങ്ങള്‍ പാലിക്കാതെ ഡീലര്‍മാര്‍; പിഴയീടാക്കി മോട്ടോര്‍ വാഹന വകുപ്പ്
text_fieldsകൽപറ്റ: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് രജിസ്റ്റര്‍ ചെയ്യാത്ത വാഹനം കൃത്രിമം കാട്ടി നിരത്തിലിറക്കിയ ഡീലറിൽനിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. മലപ്പുറത്തുനിന്നു ക്ലസ്റ്റര്‍ മീറ്റര്‍ ഫ്യൂസ് മാറ്റി വയനാട്ടിലേക്ക് കൊണ്ടുവന്ന വാഹനത്തിനാണ് പിഴയീടാക്കിയത്. ഡീലര്‍മാര്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിയമവിരുദ്ധമാണ്.
വാഹനം ഉപഭോക്താവിന് കൈമാറുമ്പോള്‍ ഡീലര്‍മാര്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കണമെന്നാണ് നിലവിലെ ചട്ടം. എന്നാല്‍, വാഹന ഡീലര്‍മാര്‍ ഇതു പലപ്പോഴും പാലിക്കാറില്ല. വാഹന ഉപഭോക്താക്കളില്‍നിന്നു നിരന്തരമായ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ കെ.കെ. സുരേഷ് കുമാര്‍ അറിയിച്ചു.

