പാൽ ഉൽപാദനം കുറഞ്ഞു; വിതരണം പ്രതിസന്ധിയിൽ
text_fieldsഗൂഡല്ലൂർ ചെവിടിപേട്ട കാർഷിക കാര്യാലയത്തിന് സമീപം പ്രവർത്തിക്കുന്ന വെറ്ററിനറി ഹോസ്പിറ്റൽ
ഗൂഡല്ലൂർ: പാലുൽപാദനം ഗണ്യമായി കുറഞ്ഞതോടെ സൊസൈറ്റി വഴിയുള്ള വിതരണം പ്രതിസന്ധിയിലായി. കുട്ടികൾക്കും വീടുകൾക്കുമുള്ള വിതരണത്തെയാണ് ഇത് സാരമായി ബാധിച്ചത്. കന്നുകാലി പരിപാലനം ഏറെ ചെലവേറിയതിനാൽ കർഷകർ കാലികളെ വിറ്റ് ഒഴിവാക്കുകയാണ്. തീറ്റയും പുല്ലും നൽകാൻ വലിയ പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്.
സർക്കാറിൽനിന്ന് കാര്യമായ ആനുകൂല്യങ്ങളൊന്നും ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ ക്ഷീരകർഷകർക്ക് ലഭിക്കുന്നില്ല. രോഗം വന്നാൽ കാലികളെ ചികിത്സിക്കണമെങ്കിൽ സ്വകാര്യ ഡോക്ടർമാരെയാണ് വിളിക്കേണ്ടത്. ഡോക്ടറുടെ ഫീസും യാത്രച്ചെലവും ആയിരത്തിലേറെ രൂപ വരുന്നതായി കർഷകർ പറയുന്നു.
ക്ഷീരവികസന വകുപ്പിന്റെ മൊബൈൽ യൂനിറ്റുകൾ പേരിനു മാത്രമായതിനാൽ കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല. ഗൂഡല്ലൂർ വെറ്ററിനറി ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു.
അതേസമയം, അയൽ സംസ്ഥാനമായ കർണാടകയിൽ സർക്കാർ പുല്ലും കാലിത്തീറ്റയുമെല്ലാം സബ്സിഡി നിരക്കുകളിലും മറ്റും നൽകി കർഷകരെ പ്രോത്സാഹിപ്പിക്കുമ്പോൾ ഇവിടെ ആനുകൂല്യങ്ങൾ നാമമാത്രമാവുകയാണ്. ഗൂഡല്ലൂർ നഗരത്തിൽ രണ്ട് സ്വകാര്യ സൊസൈറ്റികളുടെയും ഒരു സഹകരണ സൊസൈറ്റിയുടെയും കീഴിലാണ് പാൽ സംഭരണവും വിതരണവും നടക്കുന്നത്. ദിനേന വരുന്ന ഉപഭോക്താക്കൾക്ക് പാൽ നൽകാൻ കഴിയാതെ ഇവർ പ്രതിസന്ധിയിലായിരിക്കുകയാണ്. പാൽ ഉൽപാദനം വർധിപ്പിക്കാൻ ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

