സമരം ശക്തമാക്കാൻ സി.പി.എം
text_fieldsസുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തിരുവനന്തപുരത്തുള്ള ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ വ്യാഴാഴ്ച ജില്ലയിലെത്തും. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുമ്പിൽ അന്ന് ഹാജരാകുമെന്ന് എം.എൽ.എയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ജാമ്യം അനുവദിച്ച കൽപറ്റ സെക്ഷൻസ് കോടതി ഉത്തരവ് സി.പി.എമ്മിന് തിരിച്ചടിയായിട്ടുണ്ടെങ്കിലും എൻ.എം. വിജയൻ വിഷയം ഉന്നയിച്ച് അവർ എം.എൽ.എക്കെതിരെ സമരം ശക്തമാക്കുമെന്ന സൂചനകളുണ്ട്.
ആത്മഹത്യ പ്രേരണ കുറ്റമാണ് എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസെടുത്ത ഉടനെ എം.എൽ.എ കർണാടകയിലേക്ക് പോയി. എം.എൽ.എ ഒളിവിലാണെന്ന പ്രചരണത്തോടെ സുഹൃത്തിന്റെ മകന്റെ കല്യാണത്തിന് എത്തിയതാണെന്ന വിശദീകരണം നടത്തുകയുണ്ടായി. പിന്നീട് കഴിഞ്ഞദിവസം മീനങ്ങാടിയിൽ നിര്യാതയായ മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ എത്തി. അതിനുശേഷമാണ് തിരുവനന്തപുരത്തേക്ക് പോയത്.
കെട്ടിച്ചമച്ച കേസാണെന്നും താൻ നിരപരാധിയാണെന്നുമാണ് എം.എൽ.എ ആവർത്തിക്കുന്നത്. തന്റെ ജനസമ്മതി തകർക്കാനാണ് സി.പി.എം തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്നും എം.എൽ.എ ആവർത്തിക്കുമ്പോൾ എൻ.എം. വിജയൻ എഴുതിയ കത്തിൽ അദ്ദേഹത്തിന്റെ പേരുമുണ്ടെന്നത് വസ്തുതയാണ്. തുടക്കത്തിൽ തന്നെ കത്ത് കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയാണ് ഇപ്പോൾ എം.എൽ.എയും ഡി.സി.സി പ്രസിഡന്റും വലിയ പ്രതിസന്ധിയെ നേരിടാൻ കാരണമായത്.
തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ എം.എൽ.എക്കെതിരെ ആരോപണം നിലനിർത്തി അദ്ദേഹത്തെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞാൽ ഇടതുപക്ഷത്തിന് അത് വലിയ രാഷ്ട്രീയ നേട്ടമാകും. ആത്മഹത്യ വിഷയത്തിൽ കേസ് നിലനിൽക്കുന്നിടത്തോളം എം.എൽ.എക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നാണ് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എം.എൽ.എ പങ്കെടുക്കുന്ന പൊതു ചടങ്ങുകളിൽ സി.പി.എം പ്രതിഷേധം ഉണ്ടായേക്കും. അതേസമയം, ഇടതുപക്ഷത്തെ പ്രതിരോധിക്കാൻ ബ്രഹ്മഗിരി വിഷയമാണ് പ്രധാനമായും യു.ഡി.എഫ് ആയുധമാക്കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപം നടത്തിയ നിരവധി പേരുടെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്ന സ്ഥിതിയിലുള്ളത്. യു.ഡി.എഫ് സൈബർ ഇടങ്ങളിൽ ബ്രഹ്മഗിരി വിഷയം ഇപ്പോൾ സജീവമായി ചർച്ച ചെയ്യുന്നുണ്ട്.
ശനിയാഴ്ചയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ എം.എൽ.എ, എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവർക്ക് കൽപറ്റ ജില്ല സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. 20, 21, 22 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കോടതി എൻ.ഡി. അപ്പച്ചനും കെ.കെ. ഗോപിനാഥനും നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ 20 മുതൽ 25 വരെയുള്ള തീയതികളിൽ ഏതെങ്കിലും മൂന്നുദിവസം ഹാജരാകാനാണ് ഐ.സി. ബാലകൃഷ്ണനുള്ള നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

