കരിഞ്ചന്തയിൽ പാചകവാതകം; 30 സിലിണ്ടറുകളും ഉപകരണങ്ങളും പിടിച്ചു
text_fieldsപ്രതീകാത്മക ചിത്രം
കൽപറ്റ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലുള്ള പാചകവാതക ക്ഷാമം മുതലാക്കി ഗ്യാസ് സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി താലൂക്കിലെ നടവയൽ പ്രദേശത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 എൽ.പി.ജി സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
ജില്ല സപ്ലൈ ഓഫിസർ ജയിംസ് പീറ്ററുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വിവിധ ഓയിൽ കമ്പനികളുടെ 15 ഗാർഹിക സിലിണ്ടറുകളും 15 വാണിജ്യ സിലിണ്ടറുകളും കണ്ടെത്തിയത്.
ഗ്യാസ് മാറ്റി നിറക്കുന്നതിനായി ഉപയോഗിച്ചതായി സംശയിക്കുന്ന ഇലക്ട്രിക് മോട്ടോർ, വാൽവുകൾ, ട്യൂബുകൾ എന്നിവയും പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകൾ കൈവശം വെക്കുകയും അമിതവിലക്ക് വിതരണം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസർ ഇ.എം. സുമേഷ്, കൽപറ്റ റേഷനിങ് ഇൻസ്പെക്ടർ യു. ധന്യ, മീനങ്ങാടി റേഷനിങ് ഇൻസ്പെക്ടർ കെ.ബി. പ്രസാദ്, പനമരം റേഷനിങ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി എന്നിവർ പങ്കെടുത്തു.
കരിഞ്ചന്ത തടയണം
മാനന്തവാടി: മാനന്തവാടി മേഖലയിൽ സ്വകാര്യ ഗ്യാസ് കമ്പനികളുടെ സിലിണ്ടറുകൾ അമിതവില ഈടാക്കി വിൽക്കുന്നതായി ബി.എം.എസ് ആരോപിച്ചു. സിലിണ്ടർ ഒന്നിന് 4000 രൂപ മുതൽ 5000 രൂപ വരെയാണ് ഈടാക്കുന്നത്. അമിതവില നൽകാൻ തയാറാണെങ്കിൽ സിലിണ്ടറുകൾ യഥേഷ്ടം ലഭ്യമാകുന്നുണ്ടെങ്കിലും സാധാരണനിരക്കിൽ നൽകാൻ ഏജൻസികൾ തയാറാകുന്നില്ലെന്നാണ് ആരോപണം. ഗ്യാസ് ക്ഷാമമുണ്ടെന്ന് അധികൃതർ വാദിക്കുമ്പോഴും ഉയർന്ന തുക നൽകുന്നവർക്ക് മാത്രം സിലിണ്ടറുകൾ ലഭിക്കുന്നത് ഗൂഢാലോചനയാണെന്ന് ബി.എം.എസ് ആരോപിച്ചു. കൃത്രിമക്ഷാമം സൃഷ്ടിച്ച് നടത്തുന്ന കരിഞ്ചന്ത വിൽപന പൂർണമായിതടയണമെന്ന് ബി.എം.എസ് മാനന്തവാടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. റിനീഷ് എം കെ, എം.ബി. അരുൺ, സന്തോഷ് ജി. നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

