ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ വിദഗ്ധ ചികിത്സയും സൗകര്യവുമില്ലെന്ന് പരാതി
text_fieldsഗൂഡല്ലൂർ: ജില്ല താലൂക്കാശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും മറ്റും ഒഴിവുകൾ നികത്താത്തതുമൂലം വെറും സേവന കേന്ദ്രമായി മാറിയതായി വിടുതലൈ ശിരുതൈകൾ കക്ഷി നീലഗിരി ജില്ല സെക്രട്ടറി സഹദേവൻ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ 2000 ലധികം രോഗികളാണ് ദിനംപ്രതി ആശുപത്രിയിൽ എത്തുന്നത്. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് 500ലധികം ആളുകൾ തുടർ ചികിത്സക്കായി എത്തുന്നു. ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റുകളും ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 10 പേരുള്ള ലാബ് ടെക്നീഷ്യൻമാരിൽ നാലുപേർ മാത്രമാണ് ഡയാലിസിസ് യൂനിറ്റിലുള്ളത്. എം.ആർ.ഐ സ്കാനിനും ഇ.എൻ.ടി ചികിത്സക്കും ഉപകരണങ്ങളില്ല. അതിനാൽ ഇ.എൻ.ടി ചികിത്സക്ക് വരുന്ന രോഗികൾ ഗൂഡല്ലൂർ ഗവ. ചീഫ് മെഡിക്കൽ ഓഫീസറുടെ സ്വന്തം ആശുപത്രിയിലേക്കാണ് പോകുന്നത്.
ഇപ്പോൾ ഗൂഡല്ലൂർ മേഖലയിൽ പനി വർധിക്കുകയാണ്. സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ പലർക്കും സ്വകാര്യ ആശുപത്രികളിലേക്കും ഇതരസംസ്ഥാന ആശുപത്രികളിലേക്കും പോകേണ്ടിവരികയാണ്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ ഗർഭിണികളെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നു. ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രത്യേക ശ്രദ്ധ ചെലുത്തി ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിവേധനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

