കലക്ടറുടെ വ്യാജ വാട്സ് ആപ്; അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം
text_fieldsവയനാട് കലക്ടർ എ. ഗീതയുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ് ആപ് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമിക്കുന്നതിന്റെ സ്ക്രീൻഷോട്ട്
കൽപറ്റ: ജില്ല കലക്ടർ എ. ഗീതയുടെ പേരിൽ വ്യാജ വാട്സ് ആപ് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം. കലക്ടറുടെ ചിത്രം വാട്സ് ആപ് ഡി.പിയാക്കി നിർമിച്ച വ്യാജ അക്കൗണ്ടിൽനിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്. വ്യാജ വാട്സ് ആപ് അക്കൗണ്ട് സംബന്ധിച്ച സ്ക്രീൻഷോട്ട് ഉൾപ്പെടെ ചേർത്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ജില്ല കലക്ടർ സൈബർ പൊലീസിൽ പരാതി നൽകി.
''വ്യാജന്മാരെ സൂക്ഷിക്കണേ!'' എന്ന തലക്കെട്ടോടെയാണ് വ്യാജ പ്രൊഫൈലുകളെ കരുതിയിരിക്കണമെന്ന് കലക്ടർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. തന്‍റെ പ്രൊഫൈൽ ഫോട്ടോ ഡി.പിയാക്കിയ ഒരു വ്യാജ വാട്സ് ആപ് അക്കൗണ്ടിൽനിന്ന് പണം ആവശ്യപ്പെട്ട് പലർക്കും സന്ദേശം ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകളിൽ ആരും വീഴരുതെന്നും കലക്ടർ പോസ്റ്റിൽ പറഞ്ഞു. സന്ദേശം അയക്കുന്ന നമ്പർ ഉപയോഗിക്കുന്ന വ്യക്തിക്ക് വാട്സ് ആപ് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സൈബർ പൊലീസിൽ പരാതി നൽകി. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. വ്യാജമായി ഉണ്ടാക്കിയ ഇത്തരം പ്രൊഫൈലുകൾ പലർക്കും ശല്യമാകുന്നുണ്ട്. നിങ്ങൾ ഇത്തരമൊരു തട്ടിപ്പിന് ഇരയായാല്‍ ഉടനെ സൈബര്‍ പൊലീസില്‍ പരാതി നല്‍കണം. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതക്ക് അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും സുരക്ഷിതരായിരിക്കുകയും ചെയ്യണമെന്നും കലക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

