കലക്ടര്‍ ടീച്ചറായി; ജോറായി ക്ലാസ്
text_fieldsഎടയൂര്‍ക്കുന്ന് ജി.എല്‍.പി സ്കൂളിൽ കലക്ടർ എ. ഗീത ക്ലാസെടുക്കുന്നു
കൽപറ്റ: കുട്ടികളെ നിങ്ങളുടെ പേരെന്താണ്…. എന്തുണ്ട് വിശേഷങ്ങള്‍. നാലാം ക്ലാസില്‍ പുതിയതായി എത്തിയ അധ്യാപികയുടെ ചോദ്യത്തിന് ഉത്സാഹത്തോടെ ഓരോരുത്തരുടെയും മറുപടി. കുട്ടികളുടെ സന്തോഷത്തില്‍ ടീച്ചര്‍ക്കും ഉത്സാഹം. എടയൂര്‍ക്കുന്ന് ജി.എല്‍.പി സ്കൂളില്‍ വേറിട്ട പ്രവേശനോത്സവത്തില്‍ നാലാം ക്ലാസിലെ ടീച്ചറായി എത്തിയത് കലക്ടര്‍ എ. ഗീതയായിരുന്നു.
ക്ലാസ് പുരോഗമിക്കുന്നതിനിടയിലാണ് മാധ്യമപ്രവർത്തകരും മറ്റ് അധ്യാപകരും ക്ലാസിലേക്ക് വന്നത്. അപ്പോഴാണ് ഇത്രയും സമയം തങ്ങൾക്ക് ക്ലാസ് എടുത്തിരുന്നത് കലക്ടർ ആണെന്ന് കുട്ടികൾ അറിഞ്ഞത്. ചിരി മാസ്കുകൾക്കുള്ളിൽ മാഞ്ഞുപോയെങ്കിലും കണ്ണുകളിലെ തിളക്കം സന്തോഷം പ്രകടമാക്കുന്നതായിരുന്നു.
മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സോപ്പ് ഇട്ട് കൈകള്‍ കഴുകി കുളിക്കണമെന്നും കലക്ടര്‍ കുട്ടികളോട് പറഞ്ഞു. 40 ശതമാനത്തോളം ഗോത്രവിദ്യാർഥികള്‍ പഠിക്കുന്ന എടയൂര്‍ക്കുന്ന് ജി.എല്‍.പിയില്‍ ഇത്തവണ ഒന്നാം ക്ലാസില്‍ 72 കുട്ടികളാണ് പ്രവേശനം നേടിയത്. ആകെ 331 കുട്ടികളാണ് പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസുവരെ ഇവിടെ പഠിക്കുന്നത്. പ്രവേശനോത്സവം അക്ഷരദീപം തെളിയിച്ച് കലക്ടര്‍ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് പി.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ ലൈബ്രറി സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു.
കേരളപ്പിറവി ദിനപ്പതിപ്പ് ജില്ല പഞ്ചായത്ത് അംഗം എ.എന്‍. സുശീല പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നേര്‍ക്കാഴ്ച ചിത്രരചന മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ഡി.ഡി.ഇ കെ.വി. ലീല നിര്‍വഹിച്ചു. ഫസ്റ്റ് ബെല്‍ റിങ്ങിങ് വാര്‍ഡ് അംഗം കെ. സിജിത്ത് നിര്‍വഹിച്ചു.