പരിഹാരമാവാതെ റോഡുപണി; ചേകാടിയിൽ യാത്രാദുരിതം
text_fieldsവാടനക്കവല-ചേകാടി റോഡ്
പുൽപള്ളി: ചേകാടി ഗ്രാമത്തിലേക്കുള്ള യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നും തകർന്ന വാടനക്കവല-ചേകാടി റോഡും കുറുവ-ചേകാടി റോഡും ചേകാടി പാലം റോഡും അടിയന്തരമായി നവീകരിക്കണമെന്നും ആവശ്യം. റോഡുകളുടെ ശോച്യാവസ്ഥ കാരണം പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെംബർ പി.എൻ. പ്രേംജി ആവശ്യപ്പെട്ടു.
ചേകാടിയുടെ വികസനത്തിന് പ്രത്യേക പരിഗണന നൽകി 2026-27 സാമ്പത്തിക വർഷത്തിൽ പുൽപള്ളി പഞ്ചായത്ത് പാളക്കൊല്ലി-ചേകാടി റോഡിന് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, റോഡുകൾ വ്യാപകമായി തകർന്നതിനാൽ അവയുടെ പുനരുദ്ധാരണത്തിന് പഞ്ചായത്തിന്റെ സാമ്പത്തിക ശേഷിക്കപ്പുറമുള്ള തുക ആവശ്യമായിവരുന്ന സാഹചര്യമാണ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ റോഡുകൾ ഏറ്റെടുത്ത് നവീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തകർന്ന റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഔദ്യോഗികമായി തീരുമാനമെടുത്തിട്ടുണ്ട്. എന്നിട്ടും തുടർനടപടികൾ വൈകുന്നത് പ്രദേശവാസികളുടെ യാത്രാദുരിതം വർധിപ്പിക്കുകയാണ്. റോഡുകളുടെ നിലവിലെ അവസ്ഥ പരിഹരിക്കാൻ പഞ്ചായത്തിന്റെ പരിമിതമായ ഫണ്ട് മതിയാകില്ല. സ്ഥിരമായ പരിഹാരം ഉണ്ടാകുന്നതുവരെ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി അടിയന്തര ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഐ.സി. ബാലകൃഷ്ണൻ നാല് തവണ എം.എൽ.എയായിട്ടും ചേകാടി ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ് പ്രശ്നങ്ങൾക്കും ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് വാർഡ് മെംബറുടെ വിമർശനം. തകർന്ന റോഡുകളുടെ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തി താത്കാലിക പരിഹാരത്തിനായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എം.എൽ.എയെ നേരിൽ കണ്ടിരുന്നു. എന്നാൽ അനുകൂലമായ നിലപാട് ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പ്രകൃതിഭംഗി കൊണ്ടും ജൈവവൈവിധ്യം കൊണ്ടും ശ്രദ്ധേയമായ ചേകാടിയിലേക്ക് നിരവധി സഞ്ചാരികളാണ് ദിനേനെ എത്തുന്നത്. ചേകാടിയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് സുഖകരമായ യാത്ര ഉറപ്പാക്കണമെങ്കിൽ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. തകർന്ന റോഡുകൾ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ചേകാടിയുടെ വികസനത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി തയാറാക്കി സർക്കാർതലത്തിൽ ആവശ്യമായ ഇടപെടൽ നടത്തണം. ചേകാടി നിവാസികളുടെ ന്യായമായ ആവശ്യങ്ങൾ അവഗണിക്കുന്ന നിലപാട് എം.എൽ.എ തുടർന്നാൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

