മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം -കലക്ടര്‍
text_fieldsകൽപറ്റ: ജില്ലയില്‍ വരുംദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മലയോര മേഖലകളിലും പുഴയുടെ ഓരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
ചുരുങ്ങിയ സമയത്തിനുളളില്‍ അതിശക്തമായ മഴ പെയ്യുന്നത് മിന്നല്‍ പ്രളയത്തിനും മലവെളളപ്പാച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യത ഉളവാക്കും. അതിനാല്‍, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സെപ്റ്റംബർ 11 വരെയുള്ള ഓണാവധി ദിവസങ്ങളില്‍ വില്ലേജ് ഓഫിസുകളിലും ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി സ്ഥാപനങ്ങളിലും ഉത്തരവാദിത്തപ്പെട്ടവരുടെ സാന്നിധ്യം സ്റ്റേഷന് പരിധിയില്‍ ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ നിർദേശം നല്കി. വില്ലേജ് ഓഫിസ് പരിധിയിലെ ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ താലൂക്ക് കണ്ട്രോള് റൂമിലും ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി സ്റ്റേഷന് പരിധിയില്‍ ഉണ്ടാകേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ ജോയന്റ് ഡയറക്ടറുടെ ഓഫിസിലും സൂക്ഷിക്കണം. തഹസില്‍ദാര്‍മാര്‍ താലൂക്ക് കണ്ട്രോള് റൂമുകളില്‍ ഓണം അവധി ദിവസങ്ങളില്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും കലക്ടര്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

