ഗര്‍ഭാശയഗള കാന്‍സർ വാക്‌സിനേഷന് വയനാടിൽ തുടക്കം
text_fieldsകൽപറ്റ: ഗര്‍ഭാശയഗള കാന്‍സറിനെതിരെ എച്ച്.പി.വി വാക്സിനേഷൻ ജില്ലയില്‍ തുടക്കമായി. കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. ജില്ലതല പരിപാടി ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തില്‍ 14 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് എച്ച്.പി.വി വാക്സിൻ നല്‍കുന്നത്. മൂന്നു മാസത്തിനകം 14 വയസ് വരെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഒറ്റ ഡോസ് വാക്സിന്‍ നല്‍കും.
ദേശീയ പ്രതിരോധകുത്തിവെപ്പ് പട്ടികയിലുള്‍പ്പെടുത്തി 14 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വാക്സിന്‍ നല്‍കും. എല്ലാ പെണ്‍കുട്ടികളെയും ഭാവിയില്‍ ഗര്‍ഭാശയഗള കാന്‍സറില്‍നിന്ന് സംരക്ഷിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. 99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും എച്ച്.പി.വി അണുബാധയുമായി ബന്ധപ്പെട്ടവയാണ്.
ഇന്ത്യയിലെ സ്ത്രീകളില്‍ രണ്ടാമത്തെ പ്രധാന കാന്‍സറായ ഗര്‍ഭാശയഗള കാന്‍സറിനെ തുടര്‍ന്ന് 2022 ല്‍ 79,103 പുതിയ കേസുകളും 34,805 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ലക്ഷം സ്ത്രീകളില്‍ പ്രതിവര്‍ഷം 11.6 രോഗബാധയും 5.1 പേര്‍ക്ക് മരണവും സംഭവിക്കുന്നതായാണ് കണക്കുകള്‍.എച്ച്.പി.വി അണുബാധ ഗര്‍ഭാശയഗള കാന്‍സറിന് പുറമെ മലദ്വാര കാന്‍സര്‍, ഓറോ ഫാരഞ്ജിയല്‍, വള്‍വാര്‍, വജൈനല്‍, പെനൈല്‍ കാന്‍സറുകള്‍ക്കും കാരണമാകാം.
വാക്‌സിനേഷന്‍ ബുക്ക് ചെയ്യുന്നതിന് https://uwin.mohfw.gov.in/home പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ജെറിന്‍ എസ്. ജെറോഡ്, ജില്ല പ്ലാനിങ് ഓഫിസര്‍ എം. പ്രസാദന്‍, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ പി.എം. ഫസല്‍, ഡി.പി.എച്ച് എന്‍. മജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

