ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിൽ
text_fieldsജില്ലയിലെത്തിയ കേന്ദ്ര ആരോഗ്യ സംഘം ആശ വർക്കർമാരുമായി സംവദിക്കുന്നു
കൽപറ്റ: വയനാട്ടിൽ ആരോഗ്യ മേഖലയിലെ പ്രവർത്തങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള സംഘം ജില്ലയിലെത്തി. അഡീഷനൽ കമിഷണർ സുമിതാ ഘോഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്. ഞായറാഴ്ച എത്തിയ സംഘം അഞ്ച് ദിവസം ജില്ലയിലുണ്ടാകും.
ഞായറാഴ്ച രാവിലെ ജില്ല ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പ്രോഗ്രാം ഓഫിസർമാരുടെ അവലോകന യോഗം നടത്തി. ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ, ആരോഗ്യ മേഖലയിലെ നൂതന പരിപാടികൾ, ആയുഷ് പ്രവർത്തങ്ങൾ എന്നിവയെക്കുറിച്ച് പഠിച്ച സംഘം ആദ്യദിവസം മുള്ളൻകൊല്ലി കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ആർ.ബി.എസ്.കെ നഴ്സുമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ സംഘം ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. തിങ്കളാഴ്ച വരദൂർ സ്മാർട്ട് അംഗൻവാടി, പ്രദേശത്തെ ട്രൈബൽ കോളനി, എടവക കല്ലോടി ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ, വയനാട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ടീം പരിശോധന നടത്തി.
മെഡിക്കൽ കോളജിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, ദേശീയ പരിപാടികൾ, മാതൃശിശു ആരോഗ്യ യൂനിറ്റ് തുടങ്ങിയവയിൽ പരിശോധന നടത്തിയ സംഘം ജീവനക്കാരുമായി സംവദിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി. ജിതേഷ്, ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. പി. ദിനീഷ്, ആരോഗ്യകേരളം സ്റ്റേറ്റ് എച്ച്.ആർ മാനേജർ കെ. സുരേഷ്, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒമാർ, ആയുഷ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്.
വരുംദിവസങ്ങളിൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങളും ആരോഗ്യ അനുബന്ധ മേഖലകളും കേന്ദ്രസംഘം സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

