പ്രതിസന്ധി രൂക്ഷം; ഡി.സി.സി പ്രസിഡന്റിനെ മാറ്റാൻ കേന്ദ്ര നേതാക്കൾ
text_fieldsകൽപറ്റ: ജില്ലയിലെ കോൺഗ്രസിൽ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഡി.സി.സി പ്രസിഡന്റിനെ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര നേതാക്കളുടെ അടിയന്തര നീക്കം. പുതിയ വയനാട് ഡി.സി.സി പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിലും ഏകദേശ ധാരണയായതായാണ് വിവരം. അഡ്വ. ടി.ജെ. ഐസക്, കെ.ഇ വിനയൻ എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. ഇതിൽ ടി.ജെ. ഐസക്കിന് നറുക്ക് വീഴാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.
സമീപകാലത്ത് സംസ്ഥാനത്തെ മറ്റൊരു ജില്ല കോൺഗ്രസ് കമ്മിറ്റിയും അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളാണ് വയനാട് കോൺഗ്രസ് കമ്മിറ്റിയിലുണ്ടായതെന്നാണ് കേന്ദ്ര നേതാക്കളുടെ വിലയിരുത്തൽ. നേരത്തേ രാഹുൽ ഗാന്ധിയുടെയും ഇപ്പോൾ പ്രിയങ്ക ഗാന്ധിയുടെയും മണ്ഡലം എന്നതുകൊണ്ട് തന്നെ ജില്ലയിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ ദേശീയ തലത്തിലും ചർച്ചയാകുമെന്ന് വിലയിരുത്തിയാണ് അടിയന്തര നടപടിക്ക് കേന്ദ്ര നേതാക്കൾ നേരിട്ട് നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ ജില്ലയിലെത്തിയിരുന്നു. അന്നു തന്നെയാണ് ജില്ലാ നേതൃയോഗം ചേർന്ന് വയനാട്ടിലെ കോൺഗ്രസിലെ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകിയത്. പ്രശ്നങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് താക്കീത് നൽകിയാണ് അദ്ദേഹം മടങ്ങിയത്.
മുൻ ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ ഉയർത്തിയ വിവാദങ്ങളിൽനിന്ന് പാർട്ടി ഒരു വിധം കരകയറുന്നതിനിടയിലാണ് മുള്ളൻകൊല്ലി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ. ഇതിനുപിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തെ ഒന്നടങ്കം വെട്ടിലാക്കി എൻ.എം. വിജയന്റെ മരുമകളുടെ ആത്മഹത്യ ശ്രമം. പ്രിയങ്ക ഗാന്ധി ജില്ലയിൽ ഉള്ളപ്പോഴായിരുന്നു വിജയന്റെ മരുമകളുടെ ആത്മഹത്യാ ശ്രമം. നേരത്തേ ഡി.സി.സി പ്രസിഡന്റും എം.എൽ.എയും തമ്മിൽ നടന്ന ഫോൺ സംഭാഷണവും ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ കടുത്ത വിഭാഗീയത പുറത്തുകൊണ്ടുവന്നിരുന്നു.
കോൺഗ്രസിലെ പോര് രൂക്ഷമായ സമയത്താണ് 12 ദിവസത്തെ സന്ദർശനത്തിന് പ്രിയങ്ക വയനാട് പാർലമെന്റ് മണ്ഡലത്തിൽ എത്തുന്നത്. ആദ്യമായാണ് ഇത്രയധികം ദിവസം പ്രിയങ്ക മണ്ഡലത്തിൽ തങ്ങുന്നത്. എന്നാൽ കോൺഗ്രസിന്റെ ഒദ്യോഗിക പരിപാടികളിലൊന്നും ഇവർ പങ്കെടുത്തിട്ടുമില്ല.
അതേസമയം, കോൺഗ്രസിൽ പുകയുന്ന വിഷയങ്ങളിൽ പ്രിയങ്കയും ഇടപെട്ടതായാണ് വിവരം. നേരത്തേ സംസ്ഥാനത്തെ ഒമ്പത് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാൻ തീരുമാനിച്ചതിൽ വയനാടും ഉണ്ടായിരുന്നു. എന്നാൽ തിരുവനന്തപുരം, കോട്ടയം ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമാകാത്തത് കാരണം മാറ്റം നീണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

