കാട്ടാനയാ... പക്ഷേ കുട്ടിക്കളി മാറിയിട്ടില്ല
text_fieldsകുറ്റിയാംവയലിൽ ആശങ്ക വിതച്ച് കാട്ടാന. സി.സി.ടി.വി ദൃശ്യം
വൈത്തിരി: സംഭവം കാട്ടാനയാണ് ചിലയിടത്ത് നാട്ടുകാരെ വിറപ്പിക്കുന്നവരുടെ കൂട്ടത്തിലുള്ളവൻ. പക്ഷേ ഇവൻ വേറെ ലെവലാണ്. കുട്ടികൾ കളിക്കുന്നതുപോലെ കളിക്കും. കാട്ടാന ആയാലെന്താ തനിക്കുമില്ലേ കൗതുകം...! പഴയ വൈത്തിരി ഹണി മ്യൂസിയത്തിലെ പാര്‍ക്കില്‍ ഞായറാഴ്ച പുലര്‍ച്ചയെത്തിയ കാട്ടാനയാണ് താരം. ഇവിടെ കുട്ടികളിരുന്ന് കറങ്ങുന്ന കളി ഉപകരണത്തിലായി പിന്നെ ആനയുടെ കളി.
ഉപകരണം കറക്കി രസിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളിപ്പോൾ വൈറലാണ്. തുമ്പിക്കൈകൊണ്ട് ഒന്ന് തൊട്ടതും കളി ഉപകരണം തുടരെത്തുടരെ കറങ്ങി. കറക്കം നിൽക്കാതെ വന്നപ്പോൾ ഒന്ന് പേടിച്ചു പുറകിലേക്ക് മാറി. എന്നാൽ പിന്നെ ശീലമായെന്നോണം ഉപകരണം വീണ്ടും കറക്കലോട് കറക്കൽ. ഇത്തരത്തിൽ കാട്ടാന ഏറെ നേരമാണ് പാര്‍ക്കില്‍ ചെലവഴിച്ചത്. ദേശീയപാതയുടെ തൊട്ടടുത്തായാണ് ഹണി മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.
ഈ ഭാഗത്ത് ഇടക്കിടെ കാട്ടാന എത്താറുണ്ടെങ്കിലും പാര്‍ക്കിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. പാര്‍ക്കിലെ കളി രസിച്ച കാട്ടാന വീണ്ടും എത്തുമോ എന്നാണ് ആശങ്ക. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ചെത്തുന്ന കാട്ടാനയാണ് ഒടുവില്‍ ഹണി മ്യൂസിയത്തിലെ പാര്ക്കിലുമെത്തിയത്. കഴിഞ്ഞദിവസം ചേലോട്ടെ ഹോം സ്റ്റേയില്‍ കാട്ടാനയെത്തിയ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

