കാട്ടുപോത്ത് വെടിയേറ്റ് ചത്ത കേസ്; മുഖ്യപ്രതി പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ഗൂഡല്ലൂർ: കൂനൂരിന് സമീപം കാട്ടേരി ഡാം പരിസരത്ത് കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിലായി. ഗൂഡല്ലൂർ ഓവാലി നഗരസഭയിലെ കോൺഗ്രസ് കൗൺസിലറും ധർമഗിരി സ്വദേശിയുമായ എം.കെ. ഷാജിനെയാണ് (54) വനപാലകർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബർ 19ന് നീലഗിരി ഫോറസ്റ്റ് ഡിവിഷൻ കുന്ത ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലുള്ള കാട്ടേരി ഡാമിന് സമീപം ഒരു കാട്ടുപോത്ത് വെടിയേറ്റ് ചത്തിരുന്നു. വനംവകുപ്പ് അന്വേഷണം നടത്തി ഡിസംബർ ആറിന് ഷിബു, സതീഷ്, സുരേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട ചിലർ ഒളിവിൽപോയി. തുടർന്ന് ജില്ല ഫോറസ്റ്റ് ഓഫിസർ ഗൗതമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് ഇവർക്കായി തിരച്ചിൽ നടത്തി. പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ സഞ്ചാരപഥം സി.സി.ടി.വി കാമറ പരിശോധനയിലൂടെ സ്ഥിരീകരിച്ച ശേഷമാണ് പ്രധാന പ്രതിയിലേക്ക് എത്തിയത്. ഇതിനിടെ ഷൈജു (48), ജൂലൈറ്റ് (51),ജോസുകുട്ടി (50), കുട്ടികൃഷ്ണൻ (47) എന്നിവർ മാർച്ച് ഏഴിന് വൈകീട്ട് ജെ.എം കോടതിയിൽ കീഴടങ്ങി. ഈ സാഹചര്യത്തിൽ കാട്ടുപോത്തിനെ വെടിവെക്കാൻ ആയുധവും വാഹനങ്ങളും നൽകിയെന്ന് പറയപ്പെടുന്ന മുഖ്യപ്രതി ഷാജിനെ വനംവകുപ്പ് ഇന്നലെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഗൂഡല്ലൂർ ഓവാലി പഞ്ചായത്തിലെ കോൺഗ്രസ് കൗൺസിലറാണ് ഷാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

