ജില്ലയിൽ അർബുദ രോഗികൾ കൂടുന്നു; പഠനം അനിവാര്യമെന്ന് മന്ത്രി ഒ.ആർ. കേളു
text_fieldsനല്ലൂർനാട്: വയനാട് ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്നും ഇക്കാര്യത്തിൽ പഠനം അനിവാര്യമെന്നും പട്ടികജാതി/വർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശന കവാടം, മാമോഗ്രഫി മെഷീന്, അഡ്വാന്‍സ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷന്‍ യൂനിറ്റുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ സമഗ്ര വികസനമാണ് സർക്കാറിന്റെയും ജില്ല ഭരണകൂടത്തിന്റെയും ലക്ഷ്യം. അത് മുൻനിര്‍ത്തി വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
കാൻസർ രോഗികളുടെയും കിഡ്നി രോഗികളുടെയും എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഇനിയും മെച്ചപ്പെട്ട സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന് അഹമ്മദ് കുട്ടി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. ആൻസി മേരി ജേക്കബ്, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രാഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി, ജില്ല പഞ്ചായത്ത് അംഗം കെ. വിജയന്, നല്ലൂര്‍നാട് ആശുപത്രി സൂപ്രണ്ട് ഡോ. ആര്. രാജേഷ്, കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡ് സി.എസ്.ആര് മേധാവി സമ്പത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അഡ്വാൻസ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷൻ യൂനിറ്റ്
കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി 32,60,000 രൂപ ചെലവഴിച്ച് നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച അഡ്വാൻസ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷൻ യൂനിറ്റ് കാൻസർ രോഗികൾക്ക് ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിക്കാൻ സഹായമാവും.
കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷം രോഗികൾക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സഹായകമാവും. ചികിത്സ കാരണം നഷ്ടപ്പെട്ട ശാരീരികശേഷി, ചലനശേഷി, സഹനശേഷി എന്നിവ വീണ്ടെടുക്കാൻ സഹായിക്കുന്നു. ശരീരത്തിൽ നീര്കെട്ടുന്ന അവസ്ഥയായ ലിംഫെഡിമ, ന്യൂറോപ്പതി (കൈകാലുകളിൽ ഉണ്ടാകുന്ന മരവിപ്പ്) എന്നിവ പരിഹരിക്കാൻ ഓങ്കോളജി റിഹാബിലിറ്റേഷൻ യൂനിറ്റിൽ സൗകര്യമുണ്ട്. നാഷനൽ ഹെൽത്ത് മിഷൻ വഴി 18,87,500 രൂപ ചെലവിട്ട് സജ്ജീകരിച്ച മാമോഗ്രാം മെഷീൻ സ്തനാർബുദം നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട പരിശോധന മാർഗമാണ്.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത സ്ത്രീകളിൽപോലും നേരത്തേയുള്ള രോഗനിർണയം വഴി രോഗമുണ്ടോയെന്ന് കണ്ടെത്താൻ മാമോഗ്രാം സഹായിക്കുന്നു. തുടക്കത്തിൽ തന്നെ രോഗം കണ്ടുപിടിക്കുന്നതുവഴി ചികിത്സ പെട്ടെന്ന് ആരംഭിക്കാനും രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ ചികിത്സ കൂടുതൽ ഫലപ്രദമാകാനും സഹായിക്കും. ഇതിലൂടെ 40നും 74നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ സ്തനാർബുദം മൂലമുള്ള മരണനിരക്ക് കുറക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

