ബസ് സർവിസ് പുനരാരംഭിച്ചില്ല; നാട്ടുകാർ ദുരിതത്തിൽ
text_fieldsകോളിമൂല ചെക്പോസ്റ്റ് റോഡ്
സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ അയ്യൻകൊല്ലിയിലേക്ക് കോളിമൂല വഴിയുള്ള ബസ് സർവിസ് ബത്തേരിയിൽ നിന്ന് നിർത്തലാക്കിയത് ജനത്തെ ദുരിതത്തിലാക്കുന്നു.
രണ്ട് വർഷത്തോളമായി സർവിസ് നിർത്തിയിട്ട്. സർവിസ് വീണ്ടും ആരംഭിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് പുറപ്പെടുന്ന ബസ് ചുള്ളിയോട് ബസ് സ്റ്റാൻഡിലെത്തി, അഞ്ചാംമൈലിൽ നിന്നും തിരിഞ്ഞ് കുറുക്കൻകുന്ന്, കോളിമൂല, മാങ്ങോട് വഴിയാണ് അയ്യൻകൊല്ലിയിൽ എത്തിയിരുന്നത്.
തമിഴ്നാട്ടിലെ അതിർത്തി പ്രദേശങ്ങളിലുള്ളവർക്ക് സുൽത്താൻ ബത്തേരിയുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനും തിരിച്ചും ഈ സർവിസ് ഏറെ ഉപകാരപ്പെട്ടിരുന്നു. ബസ് സർവിസ് തുടങ്ങിയപ്പോൾ കോളിമൂലയിൽ ഉത്സവാന്തരീക്ഷത്തിൽ വലിയ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഒരു സ്വകാര്യ ബസും മാങ്ങോട് വഴി ഓടിയിരുന്നതാണ്. അന്തർ സംസ്ഥാന പെർമിറ്റിന്റെ നൂലാമാലകൾ പറഞ്ഞ് ഗൂഡല്ലൂർ ആർ.ടി.ഒ ഈ സ്വകാര്യ ബസ് പിടിച്ചെടുത്തു. അപ്പോഴും കെ.എസ്.ആർ.ടി.സി ജനത്തിന് ആശ്രയമായിരുന്നു.
ചുള്ളിയോട് നിന്നും കോളിമൂല, മാങ്ങോട്, അമ്പലമൂല തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ടവർ ഇപ്പോൾ അരക്ഷിതാവസ്ഥയിലാരിക്കുകയാണ്. നാലുവർഷം മുമ്പ് വരെ ചുള്ളിയോട് നിന്നും കോളിമൂല കവല വരെ ടാക്സി ജീപ്പുകൾ ലോക്കൽ സർവിസ് നടത്തിയിരുന്നതാണ്.
കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങിയതോടെ ജീപ്പുകൾ ലോക്കൽ സർവിസ് അവസാനിപ്പിച്ചു. കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിയപ്പോൾ വീണ്ടും പുനരാരംഭിച്ചുമില്ല. ചുള്ളിയോട് നിന്നും ഇപ്പോൾ ടാക്സി വാഹനങ്ങളെ ആശ്രയിച്ച് പോകുന്നവർക്ക് കോളിമൂലയിൽ നിന്നും കാൽനട യാത്ര ചെയ്യേണ്ട സാഹചര്യവും ഉണ്ട്. കോളിമൂല ചെക്ക് പോസ്റ്റ് വരെയേ കേരള വാഹനങ്ങൾ പോകാൻ പറ്റൂ. കെ.എസ്.ആർ.ടി.സി ഓടിയിരുന്നപ്പോൾ ഇത്തരം യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.
തമിഴ്നാട്ടിലെ അയ്യൻകൊല്ലിയിൽ നിന്നും സുൽത്താൻ ബത്തേരിക്ക് ഏറ്റവും ദൂരം കുറഞ്ഞ റോഡാണ് കോളിമൂല, അഞ്ചാംമൈൽ വഴി ഉള്ളത്. ഇത്തരം സാഹചര്യങ്ങൾ ഉയർത്തിക്കാട്ടി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി വാദിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. അയ്യൻകൊല്ലിയിൽ നിന്നും സുൽത്താൻ ബത്തേരിയിലെ ആശുപത്രികളിലേക്ക് മാത്രമായി നിത്യവും നൂറുകണക്കിനാളുകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. എല്ലാവരും വളരെ പ്രയാസപ്പെട്ടാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

