പരിശോധിച്ചത് 225 ബസുകൾ; 59ലും സുരക്ഷവീഴ്ച
text_fieldsrepresentational image
കൽപറ്റ: പൊതുഗതാഗതം സജീവമായ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിെൻറ നേതൃത്വത്തില്‍ ജില്ലയിലെ ബസുകളില്‍ പരിശോധന നടത്തി. ആദ്യദിനത്തില്‍ പരിശോധിച്ച 225 ബസുകളില്‍ സുരക്ഷവീഴ്ചകള്‍ കണ്ടെത്തിയ 59 ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 40,250 രൂപ പിഴയായി ഈടാക്കി. വാഹനങ്ങളുടെ പോരായ്മകള്‍ പരിഹരിച്ച് പുനഃപരിശോധനക്ക് ഹാജരാക്കാനും ബസുടമകള്‍ക്ക് നിര്‍ദേശം നല്കി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ ബസ്സ്റ്റാൻഡുകളിലെത്തിയാണ് പരിശോധന നടത്തിയത്. കോവിഡ് മഹാമാരി മൂലം ഒന്നര വര്‍ഷമായി നിശ്ചലമായിരുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധന തുടങ്ങിയത്.
ജില്ല എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ അനൂപ് വര്‍ക്കി, ആര്.ടി.ഒ ഇ. മോഹന്‍ദാസ് എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്കി. വരുംദിവസങ്ങളിലും പരിശോധന തുടരും. നിയമലംഘനങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ rtoe12.mvd@kerala.gov.in എന്ന ഇ-മെയില്‍ അല്ലെങ്കില്‍ 9188961290 എന്ന ഫോണ്‍ നമ്പര്‍ മുഖേന പൊതു ജനങ്ങള്‍ക്കും പരാതി നല്‍കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

