ഇന്റർനാഷനൽ സ്കൂളിനും മെഡിക്കൽ കോളജിനും ബോംബ് ഭീഷണി
text_fieldsബോംബ് ഭീഷണിയെത്തുടർന്ന് സ്നിഫർ ഡോഗിന്റെ സഹായത്തോടെ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധന
ഊട്ടി: കൂനൂർ- ഊട്ടി ദേശീയപാതയിലെ കേത്തി താഴ്വരയിലെ ലഡ്ല ജോർജസ് ഹോം സ്കൂളിന് ബുധനാഴ്ച ബോംബ് ഭീഷണി. നീലഗിരി ജില്ലയിലെ കേത്തിയിലാണ് ജോർജസ് ഹോം സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 530 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.
സ്കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുന്നെ് ഇ- മെയിൽ വഴി ഭീഷണി ലഭിക്കുകയായിരുന്നു.സ്കൂൾ പ്രഥമാധ്യാപകൻ ഉടൻ പൊലീസിൽ വിവരമറിയിച്ചു. സ്കൂളും പരിസരവും ബോംബ് സ്ക്വാഡും സ്നിഫർ ഡോഗും പരിശോധന നടത്തിയെങ്കിലും ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
ചൊവ്വാഴ്ച ഊട്ടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും ബുധനാഴ്ച ഇന്റർനാഷനൽ സ്കൂളിലുമാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. കഴിഞ്ഞ രണ്ടു മാസമായി ഊട്ടിയിലെ സ്കൂളുകൾക്കും കോളജുകൾക്കും നേരെ ബോംബ് ഭീഷണി ഉയരുന്നുണ്ട്.മെഡിക്കൽ കോളജിൽ 600 ലധികം വിദ്യാർഥികൾ പഠിക്കുന്നു. ഭീഷണി മെയിലുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവയാണെന്നും പൊലീസ് കണ്ടെത്തി. ബോംബ് ഭീഷണി പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചതായും പൊലീസ് പറഞ്ഞു.

