പതിനാറോളം വീടുകളിൽ ചോരക്കറ; ജനം ഭീതിയിൽ
text_fieldsമാനന്തവാടി: നാലാംമൈൽ ചുള്ളിയാട്ടുകുന്നിലെ പതിനാറോളം വീടുകളുടെ വരാന്തയിലും മുൻഭാഗത്തെ ഭിത്തിയിലും ചോരത്തുള്ളികൾ കണ്ടെത്തിയത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. വീട്ടിൽ ചോരത്തുള്ളികൾ കണ്ടവർ അത് കഴുകിക്കളഞ്ഞിരുന്നു. തുടർന്നാണ് പരിസരത്തെ എല്ലാ വീട്ടുകാർക്കും ഇതേ അനുഭവമുള്ളതായി ഒാരോ വീട്ടുകാരും അറിയുന്നത്. തുടർന്ന് സ്റ്റേഷനിൽ വിവരമറിയിക്കുകയും മാനന്തവാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ചോരത്തുള്ളികളുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്നതിനുശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. പ്രദേശവാസികളെ ഭയപ്പെടുത്താനായി ആരോ മനഃപൂർവം ചെയ്തതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിസര പ്രദേശങ്ങളിൽ അറവു നടക്കാറുള്ളതായും പറയപ്പെടുന്നുണ്ട്.

