ബത്തേരി താലൂക്ക് ആശുപത്രി: അമ്മയും കുഞ്ഞും ബ്ലോക്ക് ഇനിയും തുറന്നില്ല
text_fieldsഉദ്ഘാടനം കാത്തുകിടക്കുന്ന സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയുടെ അമ്മയും കുഞ്ഞും ബ്ലോക്ക്
സുൽത്താൻ ബത്തേരി: കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിരവധി ഉണ്ടായിട്ടും ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ രോഗികൾ വലയുന്നത് തുടരുന്നു. ഉടൻ മാറ്റം ഉണ്ടാക്കുമെന്ന് അധികൃതർ പറയുമ്പോഴും ഒന്നും മാറുന്നില്ല. ഇതോടെ സ്വകാര്യ മേഖല ഉൾപ്പെടെ, മറ്റ് ആശുപത്രികൾ തേടാൻ രോഗികൾ നിർബന്ധിതരാവുകയാണ്.
നിലവിൽ ആശുപത്രിയിൽ 23 ഡോക്ടർമാർ ഉണ്ടെന്നാണ് പറയുന്നത്. ഡോക്ടർമാർ ഇത്രയുണ്ടായിട്ടും ആവശ്യത്തിന് ഗൈനക്കോളജി ഡോക്ടർമാരില്ല. പാലിയേറ്റിവ് കെയർ യൂനിറ്റിനും ഡോക്ടർ ഇല്ലാത്ത അവസ്ഥ. മോർച്ചറി യൂനിറ്റ് ഉണ്ടായിട്ടും ആവശ്യത്തിന് ഫോറൻസിക്ക് സർജന്മാരും ഇല്ല. ആയിരത്തോളം രോഗികളാണ് ദിവസവും ഒ.പി പരിശോധനക്ക് എത്തുന്നത്. പരിശോധനക്കായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട ഗതികേടാണ് രോഗികൾക്ക് ഉണ്ടാവുന്നത്. മാസങ്ങളായി തുടരുന്ന ഈ ഒരു പ്രശ്നത്തിന് യാതൊരു പരിഹാരവും അധികൃതർ കാണുന്നില്ല.
35 കോടി രൂപ ചെലവിലാണ് ഒരു വർഷം മുമ്പ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ബ്ലോക്ക് പണിതത്. ഹൈടെക് ആശുപത്രിയോട് കിടപിടിക്കുന്ന രീതിയിലാണ് ഈ കെട്ടിടം നിർമിച്ചത്. ആധുനിക ഉപകരണങ്ങളോടെ ഓപറേഷൻ തീയേറ്ററുകളും സജ്ജമാണെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ, ഡോക്ടർമാർ ഉൾപ്പെടെ ആവശ്യമായ ജീവനക്കാരെ നിയമിച്ചാൽ മാത്രമേ അമ്മയും കുഞ്ഞും ബ്ലോക്ക് ഉദ്ഘാടനം ചെയ്യപ്പെടാൻ പറ്റു. ഇക്കാര്യത്തിൽ ആശുപത്രിയുടെ ചുമതലയുള്ള സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന സർക്കാറും വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം ശക്തമാകുന്നത്.
അതേസമയം, ബത്തേരി ആശുപത്രിയെ ജില്ല ആശുപത്രിയാക്കി ഉയർത്താനുള്ള നീക്കം സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായി. മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജാക്കി ഉയർത്തിയതോടെയാണ് സുൽത്താൻ ബത്തേരിക്ക് ഈ ഒരു സാധ്യത ഉണ്ടായത്. അഡീഷനൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്ത് കൈമാറി. ജില്ല ആശുപത്രിയാക്കി ഉയർത്തുമ്പോൾ സർക്കാറിന് ഉണ്ടാകുന്ന അധിക ബാധ്യത, ജില്ലാ പഞ്ചായത്തിന് ആശുപത്രിയുടെ ഭരണം വിട്ടു നൽകുക തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
ബന്ധപ്പെട്ടവർ കഴിഞ്ഞദിവസം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ യോഗം ചേർന്നിരുന്നു. എന്നാൽ, ജില്ല ആശുപത്രിയാക്കി ഉയർത്തുന്ന വിഷയം ചർച്ച ചെയ്ത് പ്രമേയം പാസാക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തയാറായില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ മെംബർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

