ബന്ദിപ്പൂര്‍ വനപാത; പച്ചക്കറി വാഹനങ്ങള്‍ക്ക് വൈകീട്ട് ആറുമണി മുതല്‍ നിരോധനമേർപ്പെടുത്തും
text_fieldsബന്ദിപ്പൂർ വനപാതയിൽ പച്ചക്കറി ലോറികൾക്ക് നേരെ വരുന്ന ഒറ്റയാൻ
ഗൂഡല്ലൂർ: കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. നിലവിൽ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ യാത്ര നിരോധനമുള്ള ബന്ദിപ്പൂർ പാതയിൽ എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് വനം വകുപ്പിന്റെ ബന്ദിപ്പൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ എൻ.പി. നവീൻകുമാർ ചാമരാജ് നഗർ കലക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പഴം, പച്ചക്കറി, കരിമ്പ് എന്നിവയുമായി പോകുന്ന ലോറികൾക്ക് മുന്നിൽ ആനകൾ തടസ്സംനിന്ന് ചരക്കുകൾ ഭക്ഷിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് നിരോധനസമയം നീട്ടാൻ നവീൻ റിപ്പോർട്ട് നൽകിയത്. കേരളത്തിലെ വടക്കൻ ജില്ലകളിലേക്ക് പഴങ്ങളും പച്ചക്കറികളും എത്തുന്നത് കൂടുതലും മൈസൂരു, ചാമരാജനഗർ, കുടക് ജില്ലകളിൽ നിന്നാണ്. രാത്രി യാത്ര നിരോധനത്തിന്റെ സമയം നേരത്തേ ആക്കുന്നതോടെ കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവിനെ പ്രതികൂലമായി ബാധിക്കും.
നാഗറഹോളേ വന്യജീവി സങ്കേതത്തിലൂടെയുള്ള മൈസൂരു-എച്ച്.ഡി കോട്ട-ബാവലി-മാനന്തവാടി പാതയിൽ വൈകീട്ട് ആറു മുതൽ രാവിലെ ആറുവരെയും നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2009 മാർച്ചിലാണ് വനപാതയിലൂടെയുള്ള രാത്രി യാത്ര നിരോധനം നടപ്പിലാക്കിയത്. രാത്രി സഞ്ചരിക്കുന്ന വാഹനങ്ങൾ വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി ചാമരാജനഗർ ഡെപ്യൂട്ടി കമീഷണറാണ് രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്. കേരളത്തിന്റെ എതിർപ്പിനെത്തുടർന്ന് വിലക്ക് പിൻവലിച്ചെങ്കിലും 2010 മാർച്ച് ഒമ്പതിന് കർണാടക ഹൈകോടതി നിരോധനം ശരിവെച്ച് ഉത്തരവിട്ടു. ഇതിനെതിരേ കേരളം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

