401 ഡി.എൻ.എ പരിശോധന പൂർത്തിയായി
text_fieldsകൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡി.എൻ.എ പരിശോധന പൂർത്തിയായതായി മന്ത്രിസഭ ഉപസമിതി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇത് 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്ന് തിരിച്ചറിഞ്ഞു. 52 ശരീരഭാഗങ്ങൾ പൂർണമായും അഴുകിയ നിലയിലാണ്. ഇതുവരെ നടന്ന തിരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. 115 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. ബിഹാർ സ്വദേശികളായ മൂന്നുപേരുടെ രക്തസാമ്പിളുകൾ ഇനി ലഭ്യമാവാനുണ്ട്.
താൽക്കാലിക പുനരധിവാസത്തിനായി ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂനിയനുകൾ നൽകാൻ തയാറായ 53 വീടുകളുടെയും നൽകാമെന്നേറ്റവയുടെയും ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂനിയൻ പ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പരിശോധന നടത്തി കണക്ക് ലഭ്യമാക്കണമെന്ന് നിർദേശം നൽകി. താൽക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ പൂർണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്. ചൂരൽമലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവകക്ഷികളുടെയും നേതൃത്വത്തിൽ വാടക വീടുകൾക്കുവേണ്ടി നാളെ അന്വേഷണം നടത്തും. ദുരന്തബാധിതർക്ക് ക്യാമ്പുകളിൽ സജ്ജമാക്കിയ പ്രത്യേക കാമ്പയിനിലൂടെ ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയെന്നും മന്ത്രിസഭ ഉപസമിതി പറഞ്ഞു. വാർത്തസമ്മേളനത്തിൽ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

