ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി: വയനാടിന് മൂന്ന് കോടിയുടെ അവാര്‍ഡ്
text_fieldsകൽപറ്റ: കേന്ദ്ര സര്‍ക്കാറിന്‍റെ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മികച്ച റാങ്ക് നേടി വയനാട് ജില്ല മൂന്ന് കോടി രൂപയുടെ അധിക കേന്ദ്ര സഹായത്തിന് അര്‍ഹത നേടിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.
രാജ്യത്തെ 117 ജില്ലകള്‍ ഉള്‍പ്പെട്ട ഈ പദ്ധതിയില്‍ കൃഷി- ജലവിഭവം എന്ന വിഭാഗത്തിലാണ് ജില്ലക്ക് ദേശീയ തലത്തില്‍ മൂന്നാം റാങ്ക് ലഭിച്ചത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇത് രണ്ടാം തവണയാണ് ജില്ലക്ക് മികച്ച പ്രവര്‍ത്തനത്തിന് അധിക കേന്ദ്ര സഹായം ലഭിക്കുന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 117 ജില്ലകളെയാണ് ആസ്പിരേഷനല്‍ ഡിസ്ട്രിക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏക ആസ്പിരേഷന്‍ ജില്ലയാണ് വയനാട്.
ജില്ലകളെ ത്വരിതഗതിയില്‍ വികസനോന്മുഖമായി പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് മുഖേന ആസ്പിരേഷന്‍ ഡിസ്ട്രിക് പദ്ധതി ആരംഭിച്ച് നടപ്പിലാക്കുന്നത്. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, കൃഷിയും ജലവിഭവങ്ങളും, സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യശേഷി വികസനവും, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ സംയോജിത പ്രവര്‍ത്തനം, കേന്ദ്ര- സംസ്ഥാന പ്രഭാരി ഓഫീസര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ സഹകരണം, ജില്ലകള്‍ തമ്മിലുള്ള മത്സരം എന്നീ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ വികസനത്തിലേക്ക് നയിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

