കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് തർക്കം; ബൈക്ക് തകർത്തു; പൊലീസിനു നേരെയും കൈയേറ്റം; സി.പി.എം പ്രാദേശിക നേതാവടക്കം ഏഴുപേർക്കെതിരെ കേസ്
text_fieldsസംഘർഷത്തെ തുടർന്ന് തകർത്ത ബൈക്ക്
പുതുപ്പാടി: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ചുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സ്ഥലത്തെത്തിയ പൊലീസിനു നേരെയും കൈയേറ്റമുണ്ടായി. സി.പി.എം പ്രാദേശിക നേതാവ് വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി ഷൈജലടക്കം ഏഴുപേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. വെസ്റ്റ് കൈതപ്പൊയിൽ-കണ്ണപ്പൻകുണ്ട് റോഡിൽ വ്യാഴാഴ്ച രാത്രി 11.40ഓടെയായിരുന്നു സംഭവം.
പുതുപ്പാടിയിലേക്ക് വരുകയായിരുന്ന ബൈക്ക് യാത്രക്കാരും ഇതേ റോഡിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന ഷൈജൽ അടക്കമുള്ളവരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ സ്ഥലത്തെത്തുകയും ബൈക്കുയാത്രക്കാരനുമായി വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. തുടന്നാണ് ബൈക്ക് അടിച്ചുതകർത്തത്. സംഭവം അറിഞ്ഞ് ആദ്യം അടിവാരത്തുനിന്ന് പൊലീസ് സ്ഥലത്തെത്തി. പിന്നീട് താമരശ്ശേരിയിൽനിന്നും കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഓടിക്കൂടിയവരെ പൊലീസ് വിരട്ടിയോടിക്കുന്നതിനിടയിൽ ഷൈജലിനും അടിയേറ്റു. തുടർന്നാണ് പൊലീസുമായി വാക്കേറ്റമുണ്ടാവുകയും എസ്.ഐയെ കൈയേറ്റം ചെയ്യുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തതായി ഇൻസ്പെക്ടർ സായൂജ് കുമാർ പറഞ്ഞു.
ബൈക്ക് യാത്രികനെ മർദിക്കുകയും, വാഹനം തകർക്കുകയും ചെയ്ത സംഭവത്തിൽ കൊടുവള്ളി ആവിലോറ സ്വദേശി ഹബീബ് റഹ്മാന്റെ പരാതിയിൽ ഷൈജൽ അടക്കം കണ്ടാൽ അറിയുന്ന ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥലത്തെത്തിയ താമരശ്ശേരി എസ്.ഐ ജയന്തിനെയും സംഘത്തെയും കൈയേറ്റം ചെയ്യുകയും കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് ഏഴു പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഷൈജൽ, സ്റ്റാലിൻ വിജയ്, ഷാമിൽ, കണ്ടാലറിയുന്ന മറ്റു നാലു പേർക്കുമെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

