അമ്പെയ്ത്ത് പരിശീലനത്തിന് കൂടുതൽ സൗകര്യമൊരുങ്ങുന്നു
text_fieldsപുൽപള്ളിയിലെ അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടുന്ന വിദ്യാർഥികൾ
പുൽപള്ളി: പുൽപള്ളിയിലെ അമ്പെയ്ത്ത് പരീശീലന കേന്ദ്രം വിപുലീകരിക്കുന്നു. ദേശീയ-സംസ്ഥാന മത്സരങ്ങളിലടക്കം നിരവധി താരങ്ങളെ സൃഷ്ടിച്ച അമ്പെയ്ത്ത് കേന്ദ്രം നിലവിൽ പരിമിതികൾക്ക് നടുവിലാണ്. ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സ്പോർട്സ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
വയനാട്ടിൽ സ്പോർട്സ് കൗൺസിൽ നേതൃത്വത്തിലുള്ള ഏക അമ്പെയ്ത്ത് പരിശീലന കേന്ദ്രമായ പുൽപള്ളി ആർച്ചറി അക്കാദമിയിൽ ഗേലോ ഇന്ത്യ പദ്ധതി പ്രകാരം 30 കുട്ടികളെ തെരഞ്ഞെടുത്ത് വിപുലീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധുവും ജില്ല ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സലീം കടവനും അറിയിച്ചു. പുൽപള്ളി ആർച്ചറി അക്കാദമിയിലെ കുട്ടികൾ ദേശീയതലത്തിൽ മികവ് തെളിയിക്കുന്നുണ്ട്. ഒക്ടോബറിൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ മേഘന കൃഷ്ണ, അർച്ചന രാജൻ എന്നിവർ ടീം ഇനത്തിൽ സ്വർണമെഡൽ നേടിയിരുന്നു. നവംബറിൽ പൂണെയിൽ നടത്തിയ ദേശീയ ജൂനിയർ ഗെയിംസിൽ ഈ അക്കാദമിയിലെ എം.ജെ. സുബിനും പി.എ. ആൽബർട്ടും ടീം ഇനത്തിൽ വെള്ളി മെഡൽ നേടി ശ്രദ്ധേയരായി.
2009ലാണ് അന്താരാഷ്ട്ര നിലവാരമുള്ള അമ്പെയ്ത്ത് പരിശീലന കേന്ദ്രവും മറ്റ് വിവിധ പരിശീലനങ്ങൾക്കുള്ള സൗകര്യങ്ങളും ഒരുക്കുന്നതിന് പുൽപള്ളി പഞ്ചായത്ത് ഭരണസമിതി കോളറാട്ടുകുന്നിൽ 80 ലക്ഷം രൂപ ചെലവിൽ എട്ടേക്കർ സ്ഥലം വാങ്ങിയത്.
2010ൽ അന്നത്തെ കായിക മന്ത്രി എം. വിജയകുമാർ ഈ പരിശീലന കേന്ദ്രം സംസ്ഥാന യുവജന ക്ഷേമവകുപ്പിന് കൈമാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴാംതരം മുതൽ ഡിഗ്രി വരെ പഠിക്കുന്ന 23 ആൺകുട്ടികളും 10 പെൺകുട്ടികളുമാണ് പ്രത്യേക ഹോസ്റ്റലുകളിൽ താമസിച്ച് രാവിലെയും വൈകീട്ടും പരിശീലനം നേടുന്നത്. ആധുനിക രീതിയിൽ നിർമിച്ച വില്ലുകളും അമ്പുകളും ബട്ടർസുമാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്.
കായിക കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുൽപള്ളി ആർച്ചറി അക്കാദമിക്ക് കൂടുതൽ ഫണ്ട് നൽകാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

