നിയമന വിവാദം: ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; ഇന്ന് എ.ഇ.ഒ ഓഫിസിൽ പരിശോധന
text_fieldsവെള്ളമുണ്ട എ.യു.പി സ്കൂളിലേക്ക് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ച്
കല്പറ്റ: വെള്ളമുണ്ട എ.യു.പി സ്കൂളിലെ നിയമന വിവാദത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ എണ്ണം വർധിപ്പിച്ച് ക്ലാസ് ഡിവിഷൻ സംരക്ഷിക്കാനും തസ്തിക സൃഷ്ടിക്കാനും വഴിവിട്ട നീക്കം നടന്നെന്ന ആരോപണത്തിൽ മാനന്തവാടി എ.ഇ.ഒ ഓഫിസിൽ ചൊവ്വാഴ്ച ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തും. വിദ്യാഭ്യാസ വകുപ്പിലെ അക്കൗണ്ട്സ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
നാലു കി.മീ. അപ്പുറത്തുള്ള തരുവണ ഗവ. സ്കൂളിൽനിന്ന് ആറാം പ്രവൃത്തി ദിവസം രാത്രി എട്ടിന് നാലു കുട്ടികൾക്ക് വെള്ളമുണ്ട സ്കൂളിലേക്ക് ടി.സി നൽകിയത് വിവരാവകാശ രേഖയിലുണ്ട്. ഇതിനായി സൗജന്യ യൂനിഫോമും ബസ് യാത്രയും വാഗ്ദാനം ചെയ്തെന്ന് രക്ഷിതാക്കളും വെളിപ്പെടുത്തിയിരുന്നു. എ.ഇ.ഒ ഓഫിസ് ഇതിന് ഒത്താശ ചെയ്തെന്നും ആരോപണമുണ്ട്. വിവാദമായതോടെയാണ് സംഭവം പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറായത്.
എ.ഇ.ഒക്ക് സംഭവിച്ച വീഴ്ചയടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിക്കുക. വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധവും കൂടി കണക്കിലെടുത്താണ് സംഘം എ.ഇ.ഒ ഓഫിസിലെത്തുന്നത്. അതേസമയം, സി.പി.എം ജില്ല നേതാവിന്റെ മകനുൾപ്പെടെ നിയമനം നൽകാൻ നടത്തിയ വഴിവിട്ട നീക്കത്തിൽ അക്കൗണ്ട് ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത് കാര്യക്ഷമമാകില്ലെന്ന ആക്ഷേപം ശക്തമാണ്.
വകുപ്പിലെ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം. രണ്ട് ഡി.ഡി.ഇമാരും ഒരു ഡി.ഇ.ഒയും ജില്ലയില്‍ ഉണ്ടായിരിക്കെയാണ് വിഷയം അക്കൗണ്ട് ഓഫിസർ അന്വേഷിക്കുന്നത്. ഇത് ഭരണപക്ഷത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് ഒരുവിഭാഗം അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. വീഴ്ചകള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളും ഇതിന് പിന്നിലുണ്ടെന്ന സംശയവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. തിങ്കളാഴ്ച വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ നിയമന വിവാദത്തിൽ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ക്രമക്കേട് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.
ഡി.ഇ.ഒ ഓഫിസ് കെ.എസ്.യു ഉപരോധിച്ചു
കല്പറ്റ: നിയമന വിവാദത്തില്‍ കെ.എസ്.യു ഡി.ഇ.ഒ ഓഫിസ് ഉപരോധിച്ചു. കൃത്യവിലോപം കാട്ടുകയും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത മാനന്തവാടി എ.ഇ.ഒയെ സ്ഥാനത്ത്നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ആറാം പ്രവൃത്തി ദിനത്തില്‍ അനുവദിച്ച ടി.സികള്‍ റദ്ദാക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
വെള്ളമുണ്ട എയ്ഡഡ് സ്കൂള്‍ നിയമനത്തിന് ആറാം പ്രവൃത്തി ദിനത്തില്‍ ഉള്‍പ്പെടെ തരുവണ ഗവ. സ്കൂളില്‍നിന്ന് പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും കുട്ടികളുടെ ടി.സി വാങ്ങിയത് ഗുരുതരമായ കൃത്യവിലോപമാണ്. മാനന്തവാടി എ.ഇ.ഒ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ ഉന്നതരുടെയും ഗൂഢാലോചന പിന്നിലുണ്ടെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഡി.ഡി.ഇ ഓഫിസിലേക്കെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ കലക്ടറേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞുവെച്ചത് ഉന്തുംതള്ളിലും കലാശിച്ചു. സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, ജില്ല പ്രസിഡന്റ് അമല്‍ജോയി, സ്റ്റെല്‍ജിന്‍ ജോണ്‍, മുബാരിസ്, ശ്രീലാല്‍ തൊവരിമല, അമല്‍ ബാബു, സച്ചിന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
നടന്നത് അധികാര ദുർവിനിയോഗം -എസ്.ഡി.പി.ഐ
കൽപറ്റ: വെള്ളമുണ്ട എ.യു.പി സ്കൂളിൽ സി.പി.എം ജില്ല സെക്രട്ടറിയുടെ മകന്റെ ജോലി നിലനിർത്തുന്നതിലുണ്ടായ പാർട്ടിയുടെ വഴിവിട്ട ഇടപെടലും സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയത് അധികാര ദുർവിനിയോഗമാണെന്നും വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് അഡ്വ. കെ.എ. അയ്യൂബ് അധ്യക്ഷത വഹിച്ചു. എൻ. ഹംസ, ഇ.വി. ഉസ്മാൻ, ടി. നാസർ, മഹറൂഫ് അഞ്ചുകുന്ന് എന്നിവർ സംസാരിച്ചു.
സ്കൂളിലേക്ക് എം.എസ്.എഫ് മാര്‍ച്ച്
വെള്ളമുണ്ട: എ.യു.പി സ്കൂള്‍ നിയമന വിവാദത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി വെള്ളമുണ്ട എ.യു.പി സ്കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറിയുടെ മകന് വഴിവിട്ട നിയമനത്തിന് അവസരം നല്കാന് ഇടപെടല്‍ നടന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ടൗണില്നിന്നാരംഭിച്ച മാര്‍ച്ച് സ്കൂളിന്റെ 50 മീറ്റര്‍ മുന്നില്‍ പൊലീസ് തടഞ്ഞു. മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി ടി. നാസര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡന്റ് സഫ്വാന് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. പി.എം. റിന്‍ഷാദ്, ഫായിസ് തലക്കല്‍, അസീസ് വെള്ളമുണ്ട, സി.പി. റാഷിദ്, ഇ.വി. സിദ്ദീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
സമഗ്ര അന്വേഷണം നടത്തണം -യു.ഡി.എഫ്
കല്പറ്റ: തരുവണ ജി.യു.പി സ്കൂളില്‍ രാത്രി ടി.സി വിതരണം നടത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വാര്‍ത്തസമ്മേളത്തില്‍ ആവശ്യപ്പെട്ടു.
സി.പി.എം ജില്ല സെക്രട്ടറിയുടെ മകനെ അനധികൃതമായി വെള്ളമുണ്ട എ.യു.പി സ്കൂളില്‍ അധ്യാപകനായി നിയമിക്കാൻ കൂടുതല്‍ ഡിവിഷനുകളും തസ്തികകളും സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അവര്‍ ആരോപിച്ചു. പങ്കാളികളായി പ്രവര്‍ത്തിച്ച മാനന്തവാടി സബ് ജില്ല എ.ഇ.ഒ, ഓഫിസ് സൂപ്രണ്ട്, തരുവണ ജി.യു.പി സ്കൂള്‍ പ്രധാനാധ്യാപകൻ എന്നിവരുടെ പേരില്‍ വകുപ്പ്തല നടപടി സ്വീകരിക്കണം. എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമനം പി.എസ്.സിക്ക് വിടണമെന്ന് ഒരു ഭാഗത്ത് പാര്‍ട്ടി പറയുമ്പോൾ, ജില്ല സെക്രട്ടറി തന്നെ പിന്‍വാതിൽ നിയമനത്തിന് ശ്രമിക്കുന്നത് നേതൃത്വം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ചെയര്മാന് പി.കെ. അമീന്, കണ്‍വീനര്‍ പി.പി. ജോര്‍ജ്, സലീം കേളോത്ത്, ഷാജി ജേക്കബ്, ടി.കെ. മമ്മൂട്ടി, എന്‍.കെ. പുഷ്പലത എന്നിവര്‍ പങ്കെടുത്തു.
ആരോപണം അടിസ്ഥാനരഹിതം -മാനേജ്മെന്റ്
കല്പറ്റ: വെള്ളമുണ്ട എ.യു.പി സ്കൂളില്‍ അനധികൃതമായി കൂടുതല്‍ ഡിവിഷനുകളും തസ്തികകളും ഉണ്ടാക്കി വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെ സഹായത്തോടെ നിയമനം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തള്ളിക്കളയുന്നുവെന്നും സ്കൂള്‍ മാനേജ്മെന്റ്.
യോഗ്യതയുള്ള അധ്യാപകനെയാണ് താൽക്കാലികമായി നിയമിച്ചത്. ആറാം പ്രവൃത്തി ദിനമായ ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ച് വരെയാണ് സമ്പൂര്‍ണയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സമയപരിധി. എന്നാല്‍, വെബ്സൈറ്റ് ഹാങ് ആയിരുന്നതിനാല്‍ വൈകിയതാണെന്നും നിയമനം നല്കാൻ പുതിയ തസ്തിക മാനേജ്മെന്റ് സൃഷ്ടിച്ചില്ലെന്നും സ്കൂള്‍ അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന ഡിവിഷനുകളേക്കാള്‍ കൂടുതലൊന്നും ഈ വര്‍ഷം ഇല്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ യൂനിഫോമും പുസ്തകവും ഭക്ഷണവും വാഹനവുമെല്ലാം സൗജന്യമായി നല്കുമ്പോള് കുട്ടികളെ വാഗ്ദാനങ്ങള്‍ നല്കി എയ്ഡഡ് സ്കൂളിലേക്ക് എത്തിക്കുന്നു എന്ന വാദം ശരിയല്ല. വാര്‍ത്തസമ്മേളനത്തില്‍ മാനേജര്‍ വി.എം. മുരളീധരന്, കൗണ്‍സിലര്‍ ടി.പി. വിജയന്, ജിതിന് രാജ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

