ലഹരിവിരുദ്ധ പ്രവര്‍ത്തനം; പത്ത് വർഷത്തിനിടെ ജില്ലയിൽ 30,719 കേസുകള്‍
text_fieldsമാനന്തവാടി: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയില്‍ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 30719 കേസുകള്‍. 7419 അബ്കാരി കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്.
2149 മയക്കുമരുന്ന് കേസുകളും 21151 നിരോധിത പുകയില ഉൽപന്ന വിപണന കേസുകളും എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തു. ഈ കാലയളവിൽ 706 കിലോ കഞ്ചാവും 1372.4 ഗ്രാം എം.ഡി.എം.എയും 191.4 ഗ്രാം ഹാഷിഷ് ഓയിലും 498 ഗ്രാം ഹാഷിഷും 53 ഗ്രാം ബ്രൗൺ ഷുഗറും 4340 ഗ്രാം ചരസും 21689 ഗ്രാം മെത്താഫിറ്റമിനും 2360 ഗ്രാം ലഹരി ഗുളികകളും പിടികൂടി. 10 വർഷത്തിനിടെ 19894 കിലോ പുകയില ഉത്പന്നങ്ങളും എക്സൈസ് വകുപ്പ് പിടിച്ചെടുത്തു.
പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തതിന്റെ പിഴയിനത്തില്‍ മാത്രം 36 ലക്ഷത്തിലധകം രൂപയാണ് എക്സൈസ് വകുപ്പിന് ലഭിച്ചത്. 2022 മേയ് വരെ ജില്ലയിൽ 371 അബ്കാരി, 120 മയക്കുമരുന്ന്, 1474 നിരോധിത പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ജൂണ്‍ മുതല്‍ 2022 മേയ് വരെ 1226 മദ്യ-മയക്കുമരുന്ന് കേസുകള്‍ ജില്ലയിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധ കേസുകളിലായി 25 വയസ്സിന് താഴെയുള്ള 144 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. ചെറുപ്രായത്തിലുള്ളവർ ജില്ലയിലും മയക്കുമരുന്നിന് അടിമകളാകുന്നതിന്റെയും വിപണനം നടത്തുന്നതിന്റെയും തെളിവാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും റിസോർട്ടുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ ജില്ലയിൽ സജീവമാകുന്നുവെന്ന പരാതികളേയും സർക്കാർ കണക്കുകൾ ശരിവെക്കുന്നു. അതേസമയം, കേസുകള്‍ ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം സ്കൂള്‍-കോളജ്തലങ്ങില് ലഹരിവിരുദ്ധ ക്ലബുകള്‍ രൂപവത്കരിച്ച് ബോധവത്കരണ പരിപാടികള്‍ എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ വിമുക്തി മിഷന്റെ ഭാഗമായി ജില്ലയില്‍ ഡീ-അഡീക്ഷന്‍ സെന്റര്‍ സ്ഥാപിക്കുകകയും ലഹരി വിമുക്ത ചികിത്സയും, കൗണ്‍സലിങ്ങും നടത്തിവരുന്നതായി എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ ഒ.ആര്. കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

