കരുതൽ മേഖല റിപ്പോർട്ടിൽ അവ്യക്തത; കടുത്ത ആശങ്ക
text_fieldsകൽപറ്റ: സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ അവ്യക്തതകൾ ധാരാളമുള്ളത് ആശങ്കക്കിടയാക്കുന്നു. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകൾ, കെട്ടിടങ്ങൾ, മറ്റ് നിർമാണങ്ങൾ എന്നിവ സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് മാപ്പുകൾ തയാറാക്കിയതെന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാൽ, റോഡുകൾ, പുഴകൾ, പ്രാദേശിക സ്ഥലപ്പേരുകൾ എന്നിവ മാപ്പിൽ രേഖപ്പെടുത്താത്തതിനാൽ ഈ പ്രദേശങ്ങളിലെ താമസക്കാരും ഭൂവുടമകളും ആശയക്കുഴപ്പത്തിലാണ്. ആകാശക്കാഴ്ചയിൽ തിരിച്ചറിയാനാവാത്ത ചെറിയ വീടുകളും കെട്ടിടങ്ങളും മാപ്പിൽ ഉൾപ്പെട്ടിട്ടില്ലെന്ന പരാതി ഉയരുന്നുണ്ട്. തങ്ങൾ കരുതൽ മേഖലക്ക് അകത്തോ പുറത്തോ എന്നത് ഇവരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഉപഗ്രഹ സർവേയിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു കിലോമീറ്റർ വായു അകലം ഭൂമിയിൽ നാലു കിലോമീറ്ററോളം ദൂരം വരുമെന്നാണ് നിഗമനം. വനത്തിനുള്ളിലെ മനുഷ്യവാസ കേന്ദ്രങ്ങൾ ഭൂപടത്തിൽ ജനവാസ മേഖലകളായി അടയാളപ്പെടുത്തിയിട്ടില്ല. അവ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കണക്കാക്കുകയാണിപ്പോൾ.
തിരുനെല്ലി പഞ്ചായത്ത് ആറളം വന്യജീവി സങ്കേതം കരുതൽ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സർവേ പ്ലോട്ടുകളുടെ പട്ടിക റിപ്പോർട്ടിൽ നൽകിയിട്ടില്ല. അതിനാൽ, ഏതൊക്കെ ഭാഗങ്ങളാണ് ഉൾപ്പെടുകയെന്ന് വ്യക്തമല്ല. റിപ്പോർട്ടിലെ മാനന്തവാടി നഗരസഭയുടെ ഭൂപടത്തിൽ ബ്ലോക്ക് നമ്പറുകളും ഇല്ല. സുൽത്താൻ ബത്തേരി നഗരസഭയിലെ പ്രധാനപ്പെട്ട പല കെട്ടിടങ്ങളും അടയാളപ്പെടുത്തിയിട്ടില്ല. ആരാധനാലയങ്ങൾ പോലും റിപ്പോർട്ടിൽ ഒഴിവായതായാണ് വിവരം. ഉൾവന ഗ്രാമങ്ങളായ ചെട്ട്യാലത്തൂർ, സുൽത്താൻ ബത്തേരി-പുൽപള്ളി റോഡരികിലെ ചെതലയം തുടങ്ങിയ ജനവാസകേന്ദ്രങ്ങളും ഭൂപടത്തിലില്ലെന്ന പോരായ്മയും ഈ പ്രാഥമിക റിപ്പോർട്ടിനുണ്ട്.
ഓരോ വില്ലേജിലെയും പല സർവേ നമ്പറുകളിമുള്ള ഭൂമിയെ പൂർണമായും ചിലതിനെ ഭാഗികമായും ഉൾപ്പെടുത്തിയതായി ഇപ്പോൾ തയാറാക്കിയ ഭൂപട റിപ്പോർട്ടിൽ കാണുന്നു. എന്നാൽ, ഭാഗികമായി ഉൾപ്പെടുത്തിയ ഭാഗത്തെ സംബന്ധിച്ച് സാധരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിലുള്ള കൃത്യമായ സൂചനകളില്ല. ഭൂമിയിൽ അതിർത്തി രേഖപ്പെടുത്തി അടയാളങ്ങൾ സ്ഥാപിച്ചാൽ മാത്രമാണ് ജനങ്ങൾക്ക് കരുതൽ മേഖല സംബന്ധിച്ച് വ്യക്തത ലഭിക്കൂ. വന്യജീവി സങ്കേതങ്ങളുടെ കരുതൽ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വസ്തുക്കളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിന് അനുവദിച്ച 10 ദിവസമെന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

