കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ
text_fieldsകൊളഗപ്പാറയിൽ ക്വാറിക്കായി പണിത റോഡ്
അമ്പലവയൽ: ചരിത്ര പ്രസിദ്ധവും വയനാടിന്റെ മദ്ധ്യഭാഗത്തെ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്നതുമായ കൊളഗപ്പാറയുടെ മുകളിലെ സ്വകാര്യഭൂമിയിൽ ക്വാറി പ്രവർത്തിക്കാനുള്ള റോഡ് നിർമാണം ജനങ്ങൾ തടഞ്ഞു. നിയമവിരുദ്ധമായാണ് പട്ടയം സമ്പാദിച്ചതെന്ന് ആരോപണമുണ്ട്. കൃഷ്ണഗിരി വില്ലേജിന് അടുത്തുള്ള സർക്കാർ റവന്യൂ ഭൂമി കൈയേറിയാണ് റോഡ് നിർമ്മിച്ചത്.
വില്ലേജ് ഓഫീസറുടെ നിർദ്ദേശത്തെതുടർന്ന് റോഡ് നിർമ്മാണം തത്ക്കാലം നിർത്തി വെച്ചിട്ടുണ്ട്. റോഡ് നിർമാണവും പാറഖനനവും നടക്കുന്നുണ്ടെന്നറിഞ്ഞ് വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ്സ് അമ്പലവയലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചിരുന്നു. സമിതി നാട്ടുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഒരു കിലോമീറ്റിലധികം വരുന്ന റോഡ് ഭൂരിഭാഗവും സർക്കാർ റവന്യൂ ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പിൽ നിന്നും 5000 അടി ഉയരത്തിലുള്ള കൊളഗപ്പാറ മലയുടെ വിസ്തീർണം 50. 6 ഹെക്ടറാണ്. ഇതിൽ മലഞ്ചറിവിലും മലമുകളിലുമായി 6 ഏക്കർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചിലർ പട്ടയം വാങ്ങിയിട്ടുണ്ടെന്ന് പ്രകൃതി സംരക്ഷണസമിതി ആരോപിച്ചു.
മലയുടെ അടിവാരത്തുനിന്നും കടുംകുത്തനെയുള്ള ചരിവിലൂടെ റവന്യൂ ഭൂമിയിലൂടെയാണ് ജില്ലയാകെ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ എർത്ത് മൂവറും ജാക്ക് ഹാമറും ഉപയോഗിച്ച് റോഡ് നിർമിച്ചത്. കൂറ്റൻ പാറകൾ സ്ഫോടകവസ്തുക്കൾ നിയമവിരുദ്ധമായി ഉപയോഗിച്ച് പൊട്ടിച്ച് കരിങ്കൽ കഷണങ്ങൾ അരികുകളിൽ പാക്ക് ചെയ്താണ് സർക്കാർ ഭൂമിയിലൂടെ 600 മീറ്ററോളം റോഡ് വെട്ടിയത്. എല്ലാവർഷവും ദുഃഖവെള്ളിയാഴ്ച കൊളഗപ്പാറ മലയുടെ മുകളിലുള്ള കുരിശിലേക്ക് വിശ്വാസികൾ തീർഥയാത്ര നടത്താറുണ്ട്. വിശ്വാസികൾ മല കയറുന്നതിന്ന് ഉപയോഗിക്കുന്ന വഴിയാണ് റോഡാക്കി മാറ്റുന്നത്. ക്വാറിക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ നിശ്ചിത വീതിയുള്ള വഴിയുണ്ടായിരിക്കണം.
ഇതിനായാണ് റോഡ് നിർമാണം നടന്നത്. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണ് ഇതെന്നും ക്വാറി പ്രവത്തനം തുടങ്ങാൻ അനുവദിക്കില്ലെന്നും സമിതി അറിയിച്ചു. റോഡുനിർമാണം പൂർണമായും നിർത്തിവെക്കണമെന്നും യന്ത്രങ്ങൾ പിടിച്ചെടുക്കണമെന്നും സർക്കാർ ഭൂമി കൈയേറിയവർക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് റവന്യൂമന്തിക്കും റവന്യൂ സെക്രട്ടറിക്കും ജില്ല കലക്ടർക്കും പ്രകൃതി സംരക്ഷണ സമിതി നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

