മനുഷ്യ-വന്യജീവി സംഘർഷം തടയാൻ എ.ഐ കാമറകൾ
text_fieldsഗൂഡല്ലൂർ: പന്തല്ലൂർ ഗൂഡല്ലൂർ മേഖലയിൽ മനുഷ്യ-വന്യജീവി സംഘർഷം തടയാൻ എ.ഐ (നിർമിതബുദ്ധി) ഘടിപ്പിച്ച കാമറകൾ സ്ഥാപിച്ചു. മേഖലയിൽ ആറു കോടി രൂപ ചെലവിൽ 44 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നീലഗിരി ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വന്യജീവികളുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. ഇതുമൂലമുണ്ടാകുന്ന മനുഷ്യ വന്യജീവി സംഘർഷം നിയന്ത്രിക്കണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം.
ആനകൾ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്ക് കടക്കുന്നത് തടയാൻ വനംവകുപ്പ് മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. ആനകളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ കാമറകളും ഉപയോഗിക്കുന്നുണ്ട്. കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള കേന്ദ്രം നാടുകാണി ജീൻപൂൾ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 44 കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ഈ കേന്ദ്രത്തിലെത്തിക്കഴിഞ്ഞാൽ സമീപത്ത് പട്രോളിങിലും നിരീക്ഷണത്തിലുമുള്ള വനംവകുപ്പ് ജീവനക്കാരെ അത് അറിയിക്കും.
അവർക്ക് ഉടനെ ആ ഭാഗത്തുപോയി വന്യമൃഗങ്ങളെ തുരത്താനാകും. കൂടാതെ, ആനകളുടെയും വന്യമൃഗങ്ങളുടെയും സാന്നിധ്യമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയുറപ്പാക്കാൻ വനംവകുപ്പ് ഉടനടി സന്ദേശമയക്കും. ഇത് മനുഷ്യ-വന്യജീവി സംഘർഷം കുറക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

