പിണങ്ങോട് പുഴക്കലിൽ വീണ്ടും ആഫ്രിക്കൻ ഒച്ച്
text_fieldsപിണങ്ങോട് പുഴക്കൽ പ്രദേശത്ത് കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകൾ
പിണങ്ങോട്: ഇടവേളക്ക് ശേഷം പിണങ്ങോട് ഭാഗത്ത് വീണ്ടും ആഫ്രിക്കൻ ഒച്ച്. വെങ്ങപ്പള്ളി പഞ്ചായത്തിലെ 12ാം വാർഡിൽ പുഴക്കലാണ് ഒച്ചിന്റെ സാന്നിധ്യം കൂടുതലായത്.
കഴിഞ്ഞ ഒക്ടോബറിൽ പ്രദേശത്ത് രൂക്ഷമായ രീതിയിൽ ഒച്ചുകളുണ്ടായിരുന്നു. രണ്ടുവർഷം മുമ്പ് പുഴക്കലുള്ള ബേബിയെന്ന കർഷകനാണ് ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്. അന്നുതന്നെ ബോധവത്കരണവും നശീകരണ പ്രവൃത്തികളും തുടങ്ങിയതായി പഞ്ചായത്ത് അംഗം അൻവർ സാദത്ത് പറഞ്ഞു. വീണ്ടും ഒച്ചുകളെ കണ്ടെത്തിയതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
ഒരു വർഷം മുമ്പ് വരെ ഏകദേശം നാല് ഒച്ചുകളെ മാത്രമായിരുന്നു കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ആയിരക്കണക്കിന് ഒച്ചുകൾ ഇവിടെയുണ്ട്. മറ്റു വാർഡുകളിലേക്ക് ഒച്ചുകൾ വ്യാപിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഒച്ചുകളെ വീണ്ടും കണ്ടെത്തിയതിനാൽ പിണങ്ങോട് പുഴക്കൽ പ്രദേശത്ത് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ പരിശോധന നടത്തുകയും ചെയ്തു. ഒച്ചുകളുടെ വ്യാപനം ഇവിടെ കൂടുതലാണെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ച് കാർഷിക മേഖലക്ക് ഏറെ ഭീഷണിയാണ്. 2005 മുതലാണ് കേരളത്തിൽ ഇവയെ കണ്ടുതുടങ്ങിയത്. ആറുമുതൽ 10 വർഷംവരെ ജീവിച്ചിരിക്കും. പൂർണ വളർച്ചയെത്തിയ ഒച്ചിന് 20 സെന്റീമീറ്റർ വരെ നീളവും 250 ഗ്രാം തൂക്കവുമുണ്ടായിരിക്കും. 2016ൽ ചുള്ളിയോടാണ് വയനാട്ടിൽ ആദ്യമായി ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്.
‘ജനകീയമായി ഒച്ചുകളെ തുരത്തും’
പിണങ്ങോട് പുഴക്കൽ പ്രദേശത്ത് വ്യാപകമായ ആഫ്രിക്കൻ ഒച്ചുകളെ ജനകീയ ഇടപെടലിലൂടെ തുരത്തുമെന്ന് 12ാം വാർഡ് അംഗം അൻവർ സാദത്ത് പറഞ്ഞു. അടുത്ത ദിവസം അമ്പലവയൽ കാർഷിക കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സന്നദ്ധസംഘടന പ്രവർത്തകരെയും അണിനിരത്തി ഒച്ചുകൾക്കായി വ്യാപക തിരച്ചിൽ നടത്തി ഇവയെ കണ്ടെത്തി ശാസ്ത്രീയ മാർഗങ്ങളിലൂടെ നശിപ്പിക്കും.
അപകടകാരി, നശീകരണം അത്യാവശ്യം
ആഫ്രിക്കൻ ഒച്ചിന്റെ ശരീരത്തിൽ തെങ്ങിന്റെ കൂമ്പുചീയൽ തുടങ്ങിയ മാരകരോഗങ്ങൾക്ക് ഹേതുവായ പ്രത്യേക കുമിളിനെ ക ണ്ടെത്തിയിട്ടുണ്ട്. സന്ധ്യകഴിഞ്ഞാണ് ഒച്ചുകൾ തടങ്ങളിൽനിന്ന് പുറത്തുവരിക. പുലർച്ചെവരെ കാർഷിക വിളകൾ തിന്നുതീർക്കും.
മനുഷ്യർക്കും ഉപദ്രവകാരികളായ ഈ ഒച്ചുകൾ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ്. ബോർഡോ മിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചു ശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതിലൂടെയും ഇവയെ നിയന്ത്രിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

