എടക്കല്‍ ഗുഹയിലെ മാലിന്യസംസ്കരണത്തിന് കർമപദ്ധതി ഒരുങ്ങുന്നു
text_fieldsകൽപറ്റ: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി നെന്മേനി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ എടക്കല്‍ ഗുഹയിലെ മാലിന്യസംസ്കരണത്തിന് കര്‍മപദ്ധതി ഒരുങ്ങുന്നു.
ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലെയും അജൈവ മാലിന്യം അതത് തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമസേനക്കു മാത്രം കൈമാറുന്ന പദ്ധതി 14 ടൂറിസം കേന്ദ്രങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എടക്കല്‍ ഗുഹയിലെ അജൈവമാലിന്യം ഹരിതകർമസേനക്ക് കൈമാറുന്നത്. നിലവില്‍ ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള ഭാഗത്തെ അജൈവ മാലിന്യം ജീവനക്കാര്‍ ശേഖരിച്ച് പ്രത്യേകം തരംതിരിച്ച് നെന്മേനി ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച യൂസര്‍ ഫീ നിരക്കില്‍ ഹരിതകര്‍മസേനക്ക് കൈമാറുന്നുണ്ട്. വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങളിലെ അജൈവ മാലിന്യം കൃത്യമായി തരംതിരിച്ച് പഞ്ചായത്ത് നിശ്ചയിച്ച യൂസര്‍ ഫീ നിരക്കില്‍ ഹരിതകര്‍മസേനക്ക് കൈമാറും.
പേപ്പര്‍, ഗ്ലാസ്, പേപ്പര്‍പ്ലേറ്റ് പോലെയുള്ള വസ്തുക്കള്‍ ഒഴിവാക്കും. എടക്കല്‍ ഗുഹാപരിസരത്തെ കച്ചവടസ്ഥാപനങ്ങളില്‍നിന്ന് ടൂറിസ്റ്റുകള്‍ക്ക് പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്യുന്ന സ്നാക്സ്, ഉപ്പിലിട്ട ഭക്ഷണപദാർഥങ്ങള്‍ തുടങ്ങിയവ ഇനി മുതല്‍ കാപ്പി ഇലയിലാകും നല്‍കുക.
എടക്കല്‍ ഗുഹയില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ തോത് അനുസരിച്ച് ആവശ്യമെങ്കില്‍ മാസത്തില്‍ രണ്ടു തവണ ഹരിതകർമസേന അജൈവമാലിന്യങ്ങള്‍ ശേഖരിക്കും. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ എടക്കല്‍ ഗുഹാപരിസരം ശുചീകരിച്ചു. ഉദ്ഘാടനം നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ നിര്‍വഹിച്ചു.
വാര്‍ഡ് മെംബര്‍ ബിജു ഇടയനാല്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്പേഴ്സൻ സുജാത ഹരിദാസ്, വാര്‍ഡ് മെംബര്‍ ഷമീര്‍ മാളിക, ഡി.ടി.പി.സി മാനേജര്‍ പി.പി. പ്രവീണ്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് വി. ഉത്തമന്, ഡി.ടി.പി.സി പ്രതിനിധി നാഷ് ജോസ്, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സൻ അനു എം. ബിജു, എ.ഡി.എസ് പ്രസിഡന്റ് ഷീന ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

