ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയിൽ വേണമെന്ന്: തുടർ സമരവുമായി ആക്ഷൻ കമ്മിറ്റി
text_fieldsപ്രതീകാത്മക ചിത്രം
കല്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സ്ഥിരമായി മടക്കിമലയിലെ ഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് മടക്കിമല ഗവ. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽഅറിയിച്ചു. വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന എം.കെ. ജിനചന്ദ്രന്റെ നാമധേയത്തിൽ, 2015 ജൂലൈ 12ന് അന്നത്തെ യു.ഡി.എഫ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മടക്കമിലയിൽ ഗവ. മെഡിക്കൽ കോളജിന് തറക്കല്ല് ഇട്ടു. പിന്നീട് അധികാരത്തിലേറിയ ഒന്നാം പിണറായി സർക്കാർ മൺറോഡ് നിർമാണം പൂർത്തിയാക്കി. ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനയായാണ് കോട്ടത്തറ വില്ലേജിലെ മടക്കിമലയിലെ 54 ഏക്കർ ഭൂമി നൽകിയത്. എന്നാൽ, ഇത് തെറ്റായ റിപ്പോർട്ടുകൾ മറയാക്കി അട്ടിമറിക്കപ്പെട്ടു. പിന്നീട് 2021 ഫെബ്രുവരി 12ന് മാനന്തവാടി ജില്ല ആശുപത്രിയിൽ, ഗവ. മെഡിക്കൽ കോളജ് ആരംഭിച്ചു. കഴിഞ്ഞ എട്ട് വർഷക്കാലത്തിനിടയിൽ അനുയോജ്യമായ ഭൂമി കണ്ടെത്താൻ സാധ്യമാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
രണ്ടാം പിണറായി സർക്കാറിന്റെ അവസാന കാലഘട്ടത്തിൽ കണ്ടെത്തിയ അമ്പുകുത്തി മലയിലെ റിസർവ് വനം, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ എതിർപ്പിനെ തുടർന്ന്, ഇപ്പോൾ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലുമാണ്. അതിനാൽ, സർക്കാരിന്റെ കൈവശം ഇപ്പോഴുള്ളതും ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതുമായ മടക്കിമലയിലെ ഭൂമിയിൽ ജിനചന്ദ്ര മെമ്മോറിയൽ വയനാട് സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കണം. ഇതിന് പകരം, മുൻ സർക്കാർ നടത്തിയ ഭൂമി അന്വേഷണ രീതി വീണ്ടും അവലംബിക്കുന്നത്, യു.ഡി.എഫ് സർക്കാർ ജനങ്ങളോട് നൽകിയ വാഗ്ദാനങ്ങളുടെ പരസ്യമായ ലംഘനമാണെന്ന് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
മാനന്തവാടിയിൽനിന്ന് അഞ്ച് കിലോമീറ്റർ അപ്പുറത്ത്, കെ.എസ്.ഇ.ബിയുടെ കീഴിലുള്ള 21 ഏക്കർ ഭൂമി ഒരിക്കലും മെഡിക്കൽ കോളജിന് യോജിച്ചതല്ല. അവിടെ ഏഴ് ജില്ലകളിലേക്കുള്ള കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റ് നിർമാണവും സോളാർ പാനൽ വൈദ്യുതി നിർമാണവും നടക്കുകയാണ്. ശേഷിക്കുന്ന നിലം പൂർണമായും ചതുപ്പ് പ്രദേശമാണ്.
നിരവിൽപുഴ, കുഴിനിലം, തിരുനെല്ലി, കാട്ടിക്കുളം ഭാഗങ്ങളിലേക്ക് നടത്തുന്ന ഭൂമി അന്വേഷണങ്ങൾ അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ കൽപറ്റ, സുൽത്താൻ ബത്തേരി എം.എൽ.എമാർ നിലപാട് പരസ്യപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വയനാട്ടിൽ നിന്ന് പ്രതിമാസം 15,000 മുതൽ 20,000 വരെ രോഗികളാണ് വിദഗ്ധ ചികിത്സതേടി ചുരമിറങ്ങി മറ്റു ജില്ലകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിശ്ചിത സമയംകൊണ്ട് അത്യാസന്ന നിലയിലുള്ള രോഗികൾക്ക് എത്തിച്ചേരാൻ പറ്റുന്ന സ്ഥലമാണ് മടക്കിമല. ഒരേ സ്ഥലത്ത് ഇവിടെതന്നെ 54 ഏക്കർ ഉള്ളത്, ഭാവിയിൽ മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിന് കൂടി മുതൽക്കൂട്ടാവും. ഇക്കാര്യം ആവശ്യപ്പെട്ട് തുടർസമരങ്ങൾ നടത്തും.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കാൻ ഓൺലൈൻ ഒപ്പുശേഖരണം നടത്തുന്നുണ്ട്. ആഗസ്റ്റ് എട്ടിന് വൈകീട്ട് കമ്പളക്കാട് ടൗണിൽ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയുടെ 10 കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തും.
വാർത്തസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ് കുട്ടി, ജന. കൺവീനർ മൊയ്തു കാവുങ്ങൽ, ട്രഷറർ അഡ്വ. ടി.യു. ബാബു, അബ്ദുൽ ഖാദർ മടക്കിമല, ലത്തീഫ് പഞ്ചാര, അഷ്റഫ് പഞ്ചാര എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

