അമിതവേഗം നിയന്ത്രിക്കാൻ നടപടിയില്ല; ദേശീയപാതയിൽ അപകടങ്ങൾ ആവർത്തിക്കുന്നു
text_fieldsസുൽത്താൻ ബത്തേരി: ദേശീയ പാതയിൽ സുൽത്താൻ ബത്തേരിക്കും മുട്ടിലിനുമിടയിലുള്ള ഭാഗത്ത് അപകടങ്ങൾ ആവർത്തിക്കുമ്പോൾ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ. ശനിയാഴ്ച മീനങ്ങാടി 54ന് അടുത്ത് അമ്പലപ്പടിയിൽ ടാറ്റ സുമോയും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ടാറ്റ സുമോയുടെ അമിത വേഗമാണ് ഇവിടെ വില്ലനായത്. റോഡിലൂടെ മഴക്കാലത്ത് ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ പായുന്നത് നിയന്ത്രിക്കാൻ നടപടിയെടുക്കാത്തതാണ് അപകടം വർധിക്കാൻ കാരണമാകുന്നത്.
കഴിഞ്ഞയാഴ്ച വാര്യാട് അമിത വേഗത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. അതിനുമുമ്പ് കുട്ടിരായൻ പാലത്തിനടുത്ത് അമിത വേഗത്തിലെത്തിയ കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പോളി വിദ്യാർഥികളായ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങൾ കൂടുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാണിക്കുകയാണ്. സുൽത്താൻ ബത്തേരിക്ക് ശേഷം ദൊട്ടപ്പൻകുളവും വലിയ അപകടമേഖലയാണ്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ അപകടങ്ങൾ കുറഞ്ഞു. ട്രാഫിക് തിരക്ക് കാരണം വാഹനങ്ങൾ ഇവിടെ വലിയ വേഗത്തിൽ പോകാത്തതും ഇതിന് കാരണമാകുന്നുണ്ട്.
ബീനാച്ചിക്കും കൊളഗപ്പാറക്കും ഇടയിലുള്ള ഇറക്കത്തിൽ ഈ മഴക്കാലത്തും വാഹനങ്ങൾ പായുകയാണ്. ഒരു നിയന്ത്രണങ്ങളും ഇവിടെയില്ല. കൊളഗപ്പാറ വളവ്, ഉജാല ഇറക്കം, പാതിരിപ്പാലം കയറ്റം, കൃഷ്ണഗിരി വളവ് എന്നിവിടങ്ങളിലൊക്കെ അമിതവേഗത സാധാരണമാണ്. മീനങ്ങാടിക്ക് ശേഷം കുട്ടിരായിൻ പാലം വരെ ഇറക്കമാണ്. കാക്കവയലിൽ നിന്നും സുധിക്കവല ഇറക്കമിറക്കി വേഗത്തിൽ എത്തുന്ന വാഹനങ്ങൾ മീനങ്ങാടിയിൽ നിന്നും അതേ രീതിയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തിലുള്ള അപകടങ്ങൾ ഇവിടെ ഏറെ നടന്നു. വാര്യാടിനും മുട്ടിലിനുമിടയിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഒട്ടുമിക്കതിനും കാരണം അമിതവേഗമാണ്.
മുട്ടിലിൽ നിന്നും തിരിഞ്ഞ് വിവേകാനന്ദ ആശുപത്രി വഴിയാണ് സ്വകാര്യ ബസുകൾ പോകുന്നത്. വളവുകളും വീതി കുറവുമുള്ള ഈ റോഡിലും ഇടക്കിടെ അപകടങ്ങൾ ഉണ്ടാകുന്നു.
അശ്രദ്ധമായ വളവ് തിരിയലും വേഗവും ഇവിടെ കൂട്ടിയിടികൾക്ക് ഇടയാക്കുന്നുണ്ട്. വെള്ളിയാഴ്ച ഇതേ രീതിയിൽ കൽപറ്റ - ബത്തേരി റൂട്ടിലെ ബസുകൾ കൂട്ടിയിടിക്കേണ്ടതായിരുന്നു. എതിരെ അശ്രദ്ധമായി വന്ന ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കൽപറ്റയിലേക്കുള്ള ബസ് കുഴിയിലേക്ക് ചരിഞ്ഞു.
തോട്ടിൽ വീഴാത്തതിനാൽ വലിയ അപകടം തലനാരിഴക്ക് ഒഴിവാകുകയായിരുന്നു.
വാര്യാട്, കൃഷ്ണഗിരി, കൊളഗപ്പാറ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും വേഗപരിശോധന ഉണ്ടാകാറുണ്ട്. അടുത്ത കാലത്തായി അതിൽ കൃത്യതയില്ല.
ഉജാലക്കവലയിൽ മുമ്പ് വലിയ അപകടങ്ങൾ ആവർത്തിച്ചപ്പോൾ താൽകാലിക വേഗനിയന്ത്രണ സംവിധാനം കൊണ്ടുവന്നിരുന്നു. ഇപ്പോൾ ചില ദിവസങ്ങളിലെ അത് സ്ഥാപിക്കാറുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

