തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരമാസം; പ്രതിഫലം കിട്ടാതെ സെക്ടർ ഓഫിസർമാർ
text_fieldsകൽപറ്റ: തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരമാസത്തിലധികമായിട്ടും സെക്ടർ ഓഫിസർമാരുടെ വേതനം ഇതുവരെ നൽകിയില്ല. റവന്യൂ വകുപ്പിലെ ജീവനക്കാരായ 150 ഓളം പേരാണ് ജില്ലയിൽ തെരഞ്ഞെടുപ്പിനായി സെക്ടർ ഓഫിസർമാരായി പ്രവർത്തിച്ചത്. വൈത്തിരി താലൂക്കിൽ 52 പേരാണുണ്ടായിരുന്നത്. മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും 50ലധികം പേരും.
വില്ലേജ് ഓഫിസർമാരെയും സ്പെഷൽ വില്ലേജ് ഓഫിസർമാരെയുമായിരുന്നു സെക്ടർ ഓഫിസറായി നിയോഗിച്ചിരുന്നത്. അഞ്ചുദിവസങ്ങളായിരുന്നു ഇവർ തെരഞ്ഞെടുപ്പ് ജോലി ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസവും തലേന്നും രാത്രിയും പുലർച്ച മുതൽ പോളിങ് ഉദ്യോഗസ്ഥരെപ്പോലെ തന്നെ ഇവരും തെരഞ്ഞെടുപ്പ് ജോലികളിൽ മുഴുകിയിരുന്നു.
പോളിങ് ഉദ്യോഗസ്ഥർ കളക്ഷൻ സെന്ററിൽ എത്തുന്നത് വരെ സെക്ടർ ഓഫിസർമാരും ഡ്യൂട്ടി ചെയ്തു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കമീഷനിങ്, ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തൽ, വോട്ടു യന്ത്രം കേടാകുമ്പോൾ പകരം പുതിയത് കമീഷൻ ചെയ്തു ബൂത്തുകളിൽ നൽകൽ തുടങ്ങിയ ജോലികളായിരുന്നു
സെക്ടർ ഓഫിസർമാരുടേത്. സാധാരണഗതിയിൽ തെരഞ്ഞെടുപ്പിന് ശേഷം രാത്രിയിൽ അല്ലെങ്കിൽ പിറ്റേയാഴ്ച തന്നെ ഇവർക്കുള്ള പ്രതിഫലം കഴിഞ്ഞ കാലങ്ങളിൽ ബാങ്ക് അക്കൗണ്ട് വഴി നൽകിയിരുന്നു. എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും ഇത്തവണ സെക്ടർ ഓഫിസർമാർക്ക് മാത്രം ഇത്തവണ വേതനം കിട്ടിയില്ല.
പ്രിസൈഡിങ് ഓഫിസർമാർ ഉൾപ്പെടെയുള്ള എല്ലാ പോളിങ് ഉദ്യോഗസ്ഥർക്കും പിറ്റേ ആഴ്ച തന്നെ പ്രതിഫലം നൽകിയിരുന്നു. കലക്ടേറ്റിലടക്കം അന്വേഷിച്ചിട്ടും പ്രതിഫലം എന്നുകിട്ടുമെന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്ന് സെക്ടർ ഓഫിസർമാരായി പ്രവർത്തിച്ച റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

