വയനാടിനൊരു മന്ത്രി ചർച്ച സജീവം
text_fieldsകല്‍പറ്റ: യു.ഡി.എഫിന് സമ്പൂർണ വിജയം നൽകിയ വയനാട്ടിൽനിന്ന് പുതിയ മന്ത്രിസഭയിൽ ആര് മന്ത്രിയാകുമെന്ന ചർച്ചകൾ സജീവം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിൽ നിന്നുള്ളവരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചവരാണെന്നിരിക്കെ മൂവരുടെയും മന്ത്രിപദത്തിന് വേണ്ടിയുള്ള ചരടുവലിയും സജീമായിട്ടുണ്ട്. കല്‍പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയം നേടിയ ടി. സിദ്ദീഖിനും സുൽത്താൻ ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തിൽനിന്ന് നാലാം തവണയും വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനും വേണ്ടിയാണ് പ്രധാനമായും നേതാക്കൾ രംഗത്തുള്ളത്. മന്ത്രി ഒ.ആർ. കേളുവിനെ തറപറ്റിച്ച് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ തന്നെ ജയിച്ചുകയറിയ മാനന്തവാടിയിൽനിന്നുള്ള ഉഷ വിജയനെ മന്ത്രിയക്കണമെന്ന ആവശ്യവും ഒരുവിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. അതേസമയം, സീനിയർ നേതാക്കളുടെ ആധിക്യം വയനാടിന് ഒരു മന്ത്രി എന്ന പ്രതീക്ഷക്ക് വിലങ്ങുതടിയാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.
കല്‍പറ്റ മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും വിജയിച്ച ടി. സിദ്ദീഖ് കെ.പി.സി.സി മുന്‍ വര്‍ക്കിങ് പ്രസിഡന്റാണ്. കെ.എസ്.യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച അദ്ദേഹം യൂത്ത് കോൺഗ്രസിൽ ഉൾപ്പടെ നേതൃനിരയിലുണ്ടായിരുന്നു. ഉരുളെടുത്ത നാട്ടിൽ ദുരന്ത ബാധിതർക്കുവേണ്ടി ഏറെ സജീവമായിരുന്ന ടി. സിദ്ദീഖിനെ തോൽപിക്കാൻ എൽ.ഡി.എഫ് പതിനെട്ടടവും പയറ്റിയെങ്കിലും കൽപറ്റയുടെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഇത്തവണ ജയിച്ചു കയറിയത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്ന പക്ഷം സിദ്ദീഖിന് നറുക്ക് വീഴുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അദ്ദേഹവും അനുയായികളും. അതേസമയം, മുസ്‌ലിം സമുദായത്തില്‍നിന്നുള്ള ഒരു മന്ത്രിയെന്ന നിലയിൽ കോണ്‍ഗ്രസ് പരിഗണനയിൽ ആലുവയില്‍ നിന്നുള്ള അന്‍വര്‍ സാദത്ത്, അരൂരിൽ നിന്നുള്ള ഷാനിമോൾ ഉസ്മാൻ ഉള്‍പ്പെടെയുള്ള സനീയർ നേതാക്കൾ സിദ്ദീഖിന് മുന്നിലുണ്ടെന്നത് വലിയ വിലങ്ങുതടിയാകും.
ഈ സാഹചര്യത്തിൽകൂടിയാണ്, പട്ടികവര്‍ഗ സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽനിന്നുള്ള ഐ.സി. ബാലകൃഷ്ണനെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ക്ക് വെവ്വേറെ മന്ത്രിമാരെ തീരുമാനിച്ചാല്‍ ഐ.സി. ബാലകൃഷ്ണന് സാധ്യത വർധിക്കും. രമേശ് ചെന്നിത്തലയുടെ അടുത്തയാളായി അറിയപ്പെടുന്ന ബാലകൃഷ്ണനെ മന്ത്രിയാക്കാൻ ആ രീതിയിലും സമ്മർദ്ധം ശക്തമായിട്ടുണ്ട്. എന്നാൽ, പട്ടികജാതി-വര്‍ഗ വകുപ്പുകള്‍ക്ക് ഒരു മന്ത്രി മതിയെന്നാണ് തീരുമാനമെങ്കില്‍ വണ്ടൂരിൽനിന്നുള്ള കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാറിനാണ് സാധ്യത. തുടര്‍ച്ചയായി ആറാംതവണയാണ് അനില്‍കുമാര്‍ വണ്ടൂരില്‍ വിജയിക്കുന്നത്. അതേസമയം, അനിൽകുമാർ നേരത്തേ യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായിരുന്നത് കൊണ്ട് ഇത്തവണ പുതിയ ആളെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ജയിച്ചുകയറിയ മാനന്തവാടിയിൽ നിന്നുള്ള പട്ടികവര്‍ഗ വിഭാഗത്തിൽ പെട്ട ഉഷ വിജയനെ സ്ത്രീ പ്രാതിനിധ്യവും മന്ത്രിയെ തോൽപിച്ചതും ഉൾപ്പടെ പരിഗണിച്ച് മന്ത്രിയാക്കാൻ തീരുമാനിച്ചാൽ ബാലകൃഷ്ണന്റെ മന്ത്രി സ്വപ്‌നം പൊലിയും. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിൽ ഇവിടെനിന്നുള്ള ജയലക്ഷ്മിയായിരുന്നു മന്ത്രി.
അതും കന്നിയങ്കത്തിൽ തന്നെ മന്ത്രി പദവി ലഭിക്കുകയായിരുന്നു. വയനാട്ടിൽനിന്ന് വിജയിച്ച ആർക്കും മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും വയനാട്ടുകാരനായ കെ.എം. ഷാജി മന്ത്രിയാകുമെന്നാണ് സൂചന. മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വിജയിച്ചാണ് സംസ്ഥാന സെക്രട്ടറിയായ ഷാജി നിയമസഭയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

