തരിയോട് ഭീതിപരത്തി കാട്ടാനക്കൂട്ടം; വനം വാച്ചറെ ആക്രമിച്ചു
text_fieldsകാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ രാമൻ ചികിത്സയിൽ
തരിയോട്: മലയോര മേഖലയായ തരിയോട് പഞ്ചായത്തിൽ കാട്ടാനശല്യം അതിരൂക്ഷം. വെള്ളിയാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന പുത്തൻപുര രാമനാണ് (47) പരിക്കേറ്റത്. വെള്ളിയാഴ്ച പട്രോളിങ്ങിനിടെ തരിയോട് ചെകുത്താൻ പാലം സമീപത്തുവെച്ചാണ് ആന ആക്രമിച്ചത്. ആക്രമണത്തിൽ വനംവകുപ്പിന്റെ വാഹനവും തകർന്നിട്ടുണ്ട്. പരിക്കേറ്റ രാമനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരുമായി സംസാരിക്കുകയും പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽ കേടുപാട് പറ്റിയ വനം വകുപ്പിന്റെ ജീപ്പ്
കഴിഞ്ഞ ഏറെക്കാലമായി തരിയോട് പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമാണ്. കാടുവിട്ട് വനാതിർത്തി ഗ്രാമങ്ങളിലേക്ക് കൂട്ടമായെത്തുന്ന കാട്ടാനകളുണ്ടാക്കുന്ന കൃഷിനാശംമൂലം കർഷകർ ദുരിതത്തിലാകുകയാണ്. പലപ്പോഴും തരിയോട് പഞ്ചായത്തിലെ ജനവാസ മേഖലയിലിറങ്ങിയ ആനക്കൂട്ടങ്ങൾ മണിക്കൂറുകളോളം ഭീതി പരത്തിയാണ് കാടുകയറുന്നത്. തരിയോട് പഞ്ചായത്തിലെ എട്ടാം മൈൽ വനാതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാറത്തോട്, ബൈബിൾ ലാന്റ്, കരിങ്കണ്ണി, എട്ടാംമൈൽ ഭാഗങ്ങളിലാണ് ശല്യം കൂടുതൽ. ആനക്ക് പുറമെ പന്നി, കുരങ്ങ് ശല്യവും കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

