Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉരുളൊഴിയാത്ത ദേശത്ത് ഉശിരൻ പോര്

text_fields
bookmark_border
കണക്കിന്റെ കരുത്ത് യു.ഡി.എഫിനൊപ്പമാണെങ്കിലും മൂന്നിടങ്ങളിലും ഇത്തവണ ഉശിരൻ പോര് തന്നെ
ഉരുളൊഴിയാത്ത ദേശത്ത് ഉശിരൻ പോര്
cancel

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായത് 2024 ജൂലൈ 30ന്. എന്നാൽ, ദുരന്തത്തിന്റെ അലയൊലികൾ ഇപ്പോഴും വയനാട്ടിലുണ്ട്. ഇതിനിടയിലാണ് നിയമസഭ തെരഞ്ഞെടുപ്പ്. കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എമാരാണ് തുടരങ്കം കുറിച്ചത്. ആകെ വോട്ടർമാർ 6,40,947. പുനരധിവാസ ടൗൺഷിപ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും വീടുകൾ വാസയോഗ്യമല്ലാത്തതും ദുരന്തബാധിതരിൽ നിരവധി പേർക്ക് സർക്കാർ സഹായം ലഭിക്കാത്തതും സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിയിലെ നിക്ഷേപപ്രശ്നവും ഇടതുപക്ഷത്തെ നന്നായി കിതപ്പിക്കുന്നുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണം തുടങ്ങാത്തതും ഗ്രൂപ്പ് പോരിൽ നേതാക്കളുടെ ആത്മഹത്യവരെ ഉണ്ടായതും ബത്തേരിയിലും കൽപറ്റയിലും കാര്യമായ വികസന പദ്ധതികൾ വരാത്തതും കാട്ടിയാണ് എൽ.ഡി.എഫ് തിരിച്ചടിക്കുന്നത്.

2024 ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം കൽപറ്റയിൽ 58,090, ബത്തേരിയിൽ 54,263, മാനന്തവാടിയിൽ 32,056 എന്നിങ്ങനെയാണ്. കണക്കിന്റെ കരുത്ത് യു.ഡി.എഫിനൊപ്പമാണെങ്കിലും മൂന്നിടങ്ങളിലും ഇത്തവണ ഉശിരൻ പോര് തന്നെ.

ഉരുൾദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്ത് ഉൾപ്പെടുന്ന കൽപറ്റ മണ്ഡലം പാരമ്പര്യമായി യു.ഡി.എഫിനൊപ്പമാണ്. എം.എൽ.എ എന്ന നിലയിൽ ദുരന്തത്തിന്റെ ഒന്നാംദിനം മുതൽ ആശ്വാസപ്രവർത്തനത്തിനായി ടി. സിദ്ദീഖ് ഓടിനടന്നത് അതിജീവിതർതന്നെ സമ്മതിക്കുന്നു. സിദ്ദീഖിന്റെ ജനകീയതയെ ഭയക്കുന്നതിനാലാണ് അദ്ദേഹത്തിനെതിരെ സി.പി.എം ആക്രമണം തുടരുന്നത്. 2021ൽ സിദ്ദീഖിലൂടെയാണ് യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചത്. മണ്ഡലപരിധിയിലെ 10 പഞ്ചായത്തിൽ എട്ടും യു.ഡി.എഫിനൊപ്പം. എന്നാൽ, തദ്ദേശത്തിൽ കൽപറ്റ നഗരസഭ കൈവിട്ടതും ചില പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ടതും കണക്കിലെങ്കിലും തിരിച്ചടിയാണ്. കൽപറ്റയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആർ.ജെ.ഡിയുടെ പി.കെ അനിൽകുമാറാണ്. തോട്ടം മേഖലയിൽ പരിചയവും തദ്ദേശ ഭരണപരിചയവുമുള്ള മുൻ കോൺഗ്രസ് നേതാവാണ് ഇദ്ദേഹം.

മണ്ഡലം നിലനിർത്തുകയെന്ന ഒറ്റ ലക്ഷ്യവുമായാണ് രണ്ടു ടേം നിബന്ധന ഒഴിവാക്കി മാനന്തവാടിയിൽ സിറ്റിങ് എം.എൽ.എ മന്ത്രി ഒ.ആർ. കേളുവിനെ സി.പി.എം വീണ്ടും ഇറക്കിയത്. 2016ൽ കേളു തിരിച്ചുപിടിച്ച മണ്ഡലം 2021ലും നിലനിർത്തി. 10 വർഷത്തെ വികസനപദ്ധതികളാണ് ഇടതിന് കരുത്ത്. എന്നാൽ, മാനന്തവാടിയിലെ സർക്കാർ മെഡിക്കൽ കോളജിന്റെ ദുരവസ്ഥ, തദ്ദേശതെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം എന്നിവ തിരിഞ്ഞുകൊത്തും. ഇവിടുത്തെ ആറിൽ അഞ്ച് പഞ്ചായത്തുകളും യു.ഡി.എഫിനാപ്പം. പട്ടികവർഗ വികസന മന്ത്രിയായിട്ടും ഗോത്രനിവാസികളുടെ പുരോഗതിക്കായി കേളു പ്രവർത്തിച്ചില്ലെന്ന ആരോപണവുമുണ്ട്. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തദ്ദേശ ജനപ്രതിനിധിയുമായ ഉഷാ വിജയനാണ് യു.ഡി.എഫ് സ്ഥാനാർഥി.



സുൽത്താൻ ബത്തേരി മണ്ഡലം 1973ൽ രൂപവത്കരിച്ചശേഷം നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകളിൽ ഏഴുതവണയും വിജയം യു.ഡി.എഫിനൊപ്പമാണ്. എന്നാൽ, അർബൻ ബാങ്ക് നിയമന കോഴ വിവാദം, ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ തുടങ്ങി ആരോപണങ്ങൾക്ക് നടുവിലാണ് യു.ഡി.എഫിന്റെ സിറ്റിങ് എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ. ഇവിടെ, മുൻ കോൺഗ്രസ് നേതാവും കുറുമ സമുദായക്കാരനുമായ എം.എസ്. വിശ്വനാഥനെയാണ് എൽ.ഡി.എഫ് ഇത്തവണയും കളത്തിലിറക്കിയത്. എൻ.ഡി.എക്കാകട്ടെ, സുൽത്താൻ ബത്തേരി അവരുടെ എ ക്ലാസ് മണ്ഡലമാണ്. 2016ൽ സി.കെ ജാനു മത്സരിച്ചപ്പോൾ 27,920 വോട്ടു നേടിയതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A fierce battle in the land that never retreats
Next Story