നീലഗിരിയിൽ 70.93 % പോളിങ്
text_fieldsഗൂഡല്ലൂരിലെ പ്രശ്നബാധിത ബൂത്തായ തുപ്പുകുട്ടിപേട്ട ഗവ. മിഡിൽ സ്കൂളിലെ ബൂത്തിൽ രാവിലെ എത്തിയ വോട്ടർമാർ
ഗൂഡല്ലൂർ: വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ നടന്ന പോളിങിൽ നീലഗിരി ലോകസഭ മണ്ഡലത്തിൽ 70.93 ശതമാനം പേർ വോട്ടവകാശം രേഖപ്പെടുത്തി. ഊട്ടി, കുനൂർ, ഗൂഡല്ലൂർ, മേട്ടുപാളയം, അവിനാശി, ഭവാനി സാഗർ എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ട നീലഗിരി ലോകസഭ മണ്ഡലത്തിൽ 14,18,914 ലക്ഷം വോട്ടർമാരാണുള്ളത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം ഉള്ളതിനാൽ മുസ്ലിം വോട്ടർമാരിൽ പലരും നേരത്തെ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തി.
നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ പലർക്കും വോട്ടർ ലിസ്റ്റിൽ പേരില്ലാതെ മടങ്ങേണ്ടി വന്നത് പരാതിക്കിടയാക്കി. നൂറുശതമാനം പോളിങ് എന്ന ലക്ഷ്യം തെരഞ്ഞെടുപ്പ് കമീഷൻ വ്യാപകമായി പ്രചരിപ്പിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പോരായ്മ സംഭവിച്ചത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി കടുത്ത വേനൽ ചൂട് അനുഭവപ്പെട്ടെങ്കിലും വെള്ളിയാഴ്ച ചൂട് കുറവായത് വോട്ടർമാർക്ക് അനുഗ്രഹമായി. രാവിലെ ഒമ്പതിനു കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ഭവാനി സാഗർ, ഊട്ടി, ഗൂഡല്ലൂർ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ്. വൈകീട്ട് നാലിന് എല്ലാ മണ്ഡലങ്ങളിലും 50 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ദേവാല, പാക്കണ, ദേവർഷോല എന്നിവിടങ്ങളിൽ ചെറിയതോതിൽ മെഷീൻ തകരാറായത് ഒഴിച്ചാൽ മറ്റ് പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആറുമണിയോടെ വരിയിൽ കാത്തിരുന്നവർക്ക് ടോക്കൻ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി. ക്രമസമാധാന പ്രശ്നങ്ങളും എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പോളിങ് പൊതുവേ സമാധാനപരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

