മഴ കുറഞ്ഞ് ജൂൺ: കഴിഞ്ഞ മാസം വയനാട്ടിൽ 65 ശതമാനം കുറഞ്ഞ മഴ
text_fieldsകൽപറ്റ: ജൂണിൽ നല്ല മഴ ലഭിച്ചിരുന്ന വയനാട്ടിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴയുടെ തോത് വളരെ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിലെ 71 പ്രദേശങ്ങളിൽ സ്ഥാപിച്ച മഴ മാപിനികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2022 ജൂൺ ഒന്നു മുതൽ 30 വരെ ശരാശരി 251.2 മി.മീ മഴ ലഭിച്ചു. എന്നാൽ, ഇന്ത്യ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റ് (ഐ.എം.ഡി) പ്രകാരം ജില്ലയിൽ ജൂണിൽ ലഭിക്കേണ്ട ശരാശരി മഴ 732.8 മി.മീ ആയിരുന്നു. ഇത്പ്രകാരം, 65 ശതമാനം കുറവാണ് ഉള്ളത്.
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മട്ടിലയം ഭാഗത്താണ് (825 മി.മീ). ലക്കിടി(746.8 മി.മീ.), സുഗന്ധഗിരി(500.2 മി.മീ.), കുറിച്ചേർമല(478 മി.മീ.) എന്നീ ഭാഗങ്ങളിലും കൂടുതൽ മഴ ലഭിച്ചിരുന്നു. മധ്യ വയനാട്ടിൽ 200 മി.മീ മുതൽ 300 മി. മീ വരെ മഴ ലഭിച്ചിട്ടുണ്ട്. മഴ നിഴൽ പ്രദേശങ്ങളായ കിഴക്കെ വയനാടൻ ഭാഗങ്ങളിൽ ലഭിച്ച മഴയുടെ അളവ് താരതമ്യേന കുറവായിരുന്നു. തോൽപ്പെട്ടി (107.6 മി.മീ), അപ്പപ്പാറ (80.8 മി.മീ), കാട്ടിക്കുളം (78.1മി.മീ) എന്നിവിടങ്ങളിലാണ് കുറവ് മഴ ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് ബാവലി(48.5 മി.മീ) പ്രദേശത്താണ്. ജൂണിലെ മഴ ദിനങ്ങളുടെ ശരാശരി 17ഉം മഴയില്ലാത്ത ദിനങ്ങൾ 13ഉം ആണ്.
കാലാവസ്ഥ വ്യതിയാനത്തിലൂടെ സംഭവിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങൾ വയനാട് അടക്കമുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രകടമാവുകയാണ്. മൂന്ന് വർഷത്തിനിടെയുള്ള നിരീക്ഷണത്തിൽ, ജൂണിൽ മഴ ഇല്ലാത്ത ദിവസങ്ങൾ കൂടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 2020ൽ 10 ദിവസം ജൂണിൽ ജില്ലയിൽ മഴ ലഭിച്ചില്ല.
2021ൽ 15 ദിവസങ്ങൾ മഴയില്ലാതെയാണ് ജൂൺ മാസം കടന്നുപോയത്. ഈ വർഷം ജൂൺ 13വരെ എട്ട് ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നില്ല. മഴയിലെ ഈ മാറ്റം ചെറുതല്ലാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ആവശ്യമായ സമയങ്ങളിൽ വെള്ളം ലഭിക്കാതാവുമ്പോൾ കൃഷി നാശം സംഭവിക്കും.