കർണാടക ട്രാൻസ്പോർട്ട്, ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 47 പേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപ്പെട്ട ബസുകൾ
മാനന്തവാടി: മൈസൂരു റോഡിലെ താഴെ 54ൽ ബസുകൾ കൂട്ടിയിടിച്ച് 47 പേർക്ക് പരിക്ക്. മാനന്തവാടിയിൽനിന്ന് മൈസൂരു ഭാഗത്തേക്കു പോകുകയായിരുന്ന കർണാടക ആർ.ടി.സി ബസും ബാവലി ഭാഗത്തുനിന്ന് എതിരെ വരുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടം. മാനന്തവാടി-മൈസൂരു അന്തർ സംസ്ഥാന പാതയിലെ താഴെ 54ലെ വളവിലാണ് ബസുകൾ കൂട്ടിയിടിച്ചത്. കർണാടക ആർ.ടി.സി ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തീർഥാടനത്തിന്റെ ഭാഗമായി കാട്ടിക്കുളം, മർകസ് നോളജ് സിറ്റി തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കാൻ പെരിന്തൽമണ്ണ പുലാമന്തോൾ പാറക്കടവിൽനിന്ന് ചൊവ്വാഴ്ച രാവിലെ ആറോടെ പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. തിരികെ നാട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പാറക്കടവ്, ചെമ്മല, ചെമ്മലശ്ശേരി പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
പുലാമന്തോൾ അത്താണിക്കൽ പാലശ്ശേരി ഷാജഹാന്റെ (49) ഉടമസ്ഥതയിലുള്ളതാണ് ടൂറിസ്റ്റ് ബസ്. ഷാജഹാൻ തന്നെയാണ് ബസ് ഓടിച്ചിരുന്നത്. അപകടത്തിനുശേഷം ബസിൽ കാലുകൾ കുടുങ്ങിപ്പോയ ഷാജഹാനെ ഒന്നര മണിക്കൂറിലധികം പരിശ്രമിച്ചാണ് മാനന്തവാടി അഗ്നിരക്ഷ സേനാംഗങ്ങളും ജീവൻരക്ഷ പ്രവർത്തകരും ചേർന്ന് പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ ഇടതുകാലിനും മുഖത്തും ഇടുപ്പെല്ലിനും പരിക്കുണ്ട്. കർണാടക ആർ.ടി.സി ബസോടിച്ച എച്ച്.ഡി കോട്ട സ്വദേശി വരസിംഗൻ (48), കണ്ടക്ടർ മൈസൂരു സ്വദേശി മഹേഷ് (52) എന്നിവർക്കും പരിക്കേറ്റു. വരസിംഗന്റെ ഇടതു കാലിന്റെ എല്ലിന് ക്ഷതമേറ്റിട്ടുണ്ട്. മഹേഷിനു നെറ്റിയിലാണ് പരിക്ക്.
ഇരു ബസുകളിലേയും യാത്രക്കാരായ നിഷ (38), ശ്രീജേഷ് (42), പ്രമോദ് (50), വിനീഷ് (44), ഫസീല (25), ഷബീന (25), ദ്വരൈ (42), ഹുസ്ന (15), ഷെറിൻ (17), റംഷീന (22), മജീദ് (52), ഗോവിന്ദരാജ് (50), മുജീബ് (50), ഷെസിൻ (ആറ്), മഹമ്മൂദ് (46), അഷ്റഫ് (55), മുനീറ (44), സുബൈദ (52), രാജേന്ദ്ര (62), ഖദീജ (62), ആയിഷ (62), ജമീല (53), മൈമൂന (53), ഷഹർബാൻ (42), ചന്തു (39), മൊയ്തീൻ (72), ഹുസ്ന (15), ഫാത്തിമ (17), റംഷീന (22), പ്രമോദ് (50), ഹുസൈൻ (48), കോമു മുസ്ലിയാർ (52), റഹീഫ ഫാത്തിമ (എട്ട്), അലി (62), ഉമ്മർ (40), അഫ്സൽ (42), മുഹമ്മദ്കുട്ടി (68), മജീദ് കൊടുവള്ളി (52), ഹസ്സൻ (48), ഷാജഹാൻ (50), ഖദീജ (53), മുഷീദ (53), ആയിഷ (73), സന്തോഷ് (42) എന്നിവർക്കും പരിക്കേറ്റു. എല്ലാവരും വയനാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇതിൽ ആറുപേരെ കിടത്തി ചികിത്സക്കു വിധേയമാക്കി. വാരിയെല്ലിനു ക്ഷതമേറ്റ ഹുസൈനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ പരിക്കേറ്റവർക്ക് ആശ്വാസമേകാൻ നാടൊന്നിച്ചു
മാനന്തവാടി: അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ മാനന്തവാടി മെഡിക്കൽ കോളജിൽ രാഷ്ട്രീയ ഭേദമില്ലാതെ ഒഴുകിയെത്തിയത് നിരവധിപേർ. പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തിൽ വീൽചെയറിലും സ്ട്രെക്ച്ചറിലുമെത്തിക്കാൻ എസ്.വൈ.എസ് പ്രവർത്തകരും യുവജന സംഘടന പ്രവർത്തകരും സജീവ ഇടപെടലുകൾ നടത്തി. ജില്ല പഞ്ചായത്ത് പ്രസി. സംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി. ജസ്റ്റിൻ ബേബി, എ.ഡി.എം എ. ദേവകി, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്, സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസി. എ.എം. നിഷാന്ത്, ഡി.വൈ.എഫ്.ഐ ഭാരവാഹി എ.കെ. റൈഷാദ്, ബി.ജെ.പി ജില്ല സെക്രട്ടറി കണ്ണൻ കണിയാരം എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

