വോട്ടെടുപ്പിന് വയനാട് ജില്ലയിൽ 3663 ബാലറ്റ് യൂനിറ്റുകൾ, 1379 കൺട്രോൾ യൂനിറ്റുകൾ
text_fieldsകൽപറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകൾ ആദ്യഘട്ട പരിശോധന കഴിഞ്ഞ് വോട്ടെടുപ്പിന് സജ്ജം. 3663 ബാലറ്റ് യൂനിറ്റുകളും 1379 കൺട്രോൾ യൂനിറ്റുകളുമാണ് ജില്ലയിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ആകെ 828 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. മുനിസിപ്പാലിറ്റികളിൽ 104 ബൂത്തുകളും പഞ്ചായത്തുകളിൽ 724 ബൂത്തുകളുമുണ്ടാവും. വോട്ടിങ് മെഷീനിന്റെ ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റും ചേരുന്ന സിംഗിൾ പോസ്റ്റ് മെഷീനുകളാണ് നഗരസഭകളിൽ ഉപയോഗിക്കുന്നത്.
എന്നാൽ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൾട്ടി പോസ്റ്റ് വോട്ടിങ് മെഷീനുകളാണ് ഉപയോഗിക്കുക. ഇതിൽ ഒരു കൺട്രോൾ യൂനിറ്റുമായി ബന്ധിപ്പിക്കുന്ന മൂന്ന് ബാലറ്റ് യൂനിറ്റുകളുണ്ടാവും. വോട്ട് ചെയ്യാനെത്തുമ്പോൾ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നീ ക്രമത്തിലായിരിക്കും ബാലറ്റ് യൂനിറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂനിറ്റ് കൂടി സജ്ജമാക്കും.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നോട്ട ഏര്‍പ്പെടുത്തിയിട്ടില്ല. കേരള പഞ്ചായത്തീ രാജ് മുനിസിപ്പാലിറ്റി നിയമങ്ങളിൽ നോട്ട സംബന്ധിച്ച വ്യവസ്ഥയില്ലാത്തതു കൊണ്ടാണിതെന്ന് കമീഷൻ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉന്നത സുരക്ഷിതത്വ നിലവാരം പുലര്‍ത്തുന്നവയാണെന്നും വിപുലമായ സുരക്ഷ മാനദണ്ഡങ്ങളാണ് മെഷീനുകളിൽ ഉപയോഗിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിട്ടുണ്ട്.
മെഷീനുകളിൽ ഉപയോഗിക്കുന്ന മൈക്രോ കൺട്രോളര് ചിപ്പിൽ ഒരു പ്രാവശ്യം മാത്രമേ പ്രോഗ്രാം ചെയ്യാൻ കഴിയൂ. ചിപ്പിലെ സോഫ്റ്റ്വെയര് കോഡ് വായിക്കാനോ തിരുത്താനോ സാധ്യമല്ല. ഇ.വി.എമ്മുകളിൽ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ടുതന്നെ നെറ്റ്വര്‍ക്ക് മുഖേന കടന്നുകയറാൻ കഴിയില്ല.
ഇതിന് പുറമെ ടാമ്പര്‍ ഡിറ്റക്ട് മെക്കാനിസവും മെഷീനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എ.വി.എമ്മിൽ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിച്ചിട്ടില്ല. ഇ.വി.എം ട്രാക്ക് എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പിൽ മെഷീനുകളുടെ സുഗമവും സുതാര്യവുമായ വിന്യാസം ഉറപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

