ലഹരി കടത്ത് കേസിലെ പ്രതികളുടെ വാഹനത്തില്‍നിന്ന് 285 ഗ്രാം എം.ഡി.എം.എ പിടികൂടി
text_fieldsജാബിര്‍, മുഹമ്മദ് കുഞ്ഞി
മാനന്തവാടി: ലഹരി കടത്ത് കേസിലെ പ്രതികളുടെ വാഹനത്തില്‍നിന്ന് 285 ഗ്രാം എം.ഡി.എം.എ പിടികൂടി. മാനന്തവാടി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ മാര്‍ച്ച് 19ന് നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ ഏഴ് ഗ്രാമോളം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതികളായ കാസർകോട് സ്വദേശികളായ ചെര്‍ക്കള ബംബ്രാണി കെ.എം. ജാബിര്‍ (33), നുസ്രത് നഗര്‍ മൂലടക്കം മുഹമ്മദ് കുഞ്ഞി (39) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിലാണ് ഇവര്‍ അന്ന് സഞ്ചരിച്ചിരുന്ന കാറില്‍ വലിയ അളവില്‍ എം.ഡി.എം.എ ഒളിപ്പിച്ച കാര്യം പുറത്താകുന്നത്.
തുടര്‍ന്ന് എക്സൈസ് അധികൃതര്‍ കാറിന്റെ ഡിക്കിയുടെ ഡോര്‍ പാനല്‍ അഴിച്ച് പരിശോധിച്ചതില്‍ 285 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 01 സി.വൈ 6215 എന്ന കിയ വാഹനത്തില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ ഒരു പ്രതികൂടി ഉള്ളതായി സംശയിക്കുന്നതായും ഇയാളെയും ഉടന്‍ പിടികൂടുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

