Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right2023- പുതുവത്സര...

2023- പുതുവത്സര പ്രതീക്ഷയിൽ വയനാട്; ഇവിടെ ഇനിയെങ്കിലും മാറ്റമുണ്ടാകുമോ?

text_fields
bookmark_border
2023- പുതുവത്സര പ്രതീക്ഷയിൽ വയനാട്; ഇവിടെ ഇനിയെങ്കിലും മാറ്റമുണ്ടാകുമോ?
cancel

കൽപറ്റ: പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ചുരത്തിന് മുകളിലുള്ളവർ ചോദിക്കുന്ന ഒരേയൊരു ചോദ്യമിതാണ്. വയനാട്ടിൽ 2023ലെങ്കിലും ഒരു മാറ്റമുണ്ടാകുമോ?. തെരഞ്ഞെടുപ്പുകൾ മാറി വരുമ്പോഴും ചുരത്തിന് മുകളിൽ കുന്നോളം പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ 2022ൽ ഒന്നും സംഭവിച്ചില്ല. അടിസ്ഥാന പ്രശ്നങ്ങളും വികസന പ്രതീക്ഷകളുമെല്ലാം 2023ന്‍റെ പുതുവത്സര പുലരിയിലും സ്വപ്നം മാത്രമായി തുടരുകയാണ്.

സർക്കാർ മെഡിക്കൽ കോളജ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇന്നും അകലെയായ വയനാട്ടിൽ അസാധാരമായ രീതിയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായതാണ് പോയവർഷത്തെ പ്രധാനമാറ്റം. വയനാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്ന നല്ല റോഡുകൾ, ചുരം ബദൽ പാതകൾ, വയനാട് ചുരം വികസനം, മികച്ച ചികിത്സ സൗകര്യം ഉറപ്പാക്കുന്ന സർക്കാർ മെഡിക്കൽ കോളജ്, റെയില്‍വേ, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം, പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കക്ക് പരിഹാരം, രാത്രിയാത്ര നിരോധന നീക്കം, തോട്ടം തൊഴിലാളികളുടെ ക്ഷേമം, തുരങ്കപാത, ഉന്നത വിദ്യാഭ്യാസം, ആദിവാസികളുടെ സമഗ്ര വികസനം തുടങ്ങിയ ആവശ്യങ്ങളെല്ലാം അധികൃതർ പോയവർഷവും മറന്ന അവസ്ഥയിലാണ്.

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം ഇപ്പോഴും തുടരുകയാണ്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് വയനാട് അതിര്‍ത്തിക്ക് സമീപം മൂലഹോളെയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചെരിഞ്ഞതോടെ യാത്രാനിരോധന സമയം ദീര്‍ഘിപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക.

മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും അവിടെ ഇപ്പോഴും മെച്ചപ്പെട്ട ചികിത്സ സൗകര്യമൊരുക്കാൻ അധികൃതർക്കായിട്ടില്ല. മഴക്കുറവിലും അപ്രതീക്ഷിത മഴയിലും വിലത്തകർച്ചയിലും തളർന്ന കാർഷിക മേഖല, പലവിഷയങ്ങളിലായി അരങ്ങേറിയ സമരമുഖങ്ങള്‍ തുടങ്ങിയകാര്യങ്ങളെല്ലാം മാറ്റമില്ലാതെ തുടരുന്നു.

സർക്കാറുകൾ മാറി വന്നിട്ടും കോരന് കുമ്പിളിൽതന്നെ കഞ്ഞിയെന്ന ചൊല്ലിന്‍റെ അവസ്ഥയിൽ തന്നെയാണിപ്പോഴും വയനാട്. ആസ്പിരേഷനൽ ജില്ലയായും മറ്റു പല പേരുകളിലും ജില്ലക്ക് പല അംഗീകാരങ്ങൾ ലഭിക്കുമ്പോഴും ഇവിടെ ജനജീവിതം ഓരോ ദിവസവും ദുസ്സഹമാകുന്നതല്ലാതെ 2022ലും ഒന്നിനും ഒരു മാറ്റവുമുണ്ടായില്ലെന്നതാണ് യാഥാർഥ്യം. പുതുവർഷത്തിലെങ്കിലും ഒരു മാറ്റമുണ്ടാകുമെന്ന വിദൂര പ്രതീക്ഷയിലാണ് വയനാട്ടുകാർ.

ശ്വാസംമുട്ടുന്ന ചുരം; വഴിയിൽ പൊലിയുന്ന ജീവനുകൾ

വയനാട് ചുരം ഗതാഗതക്കുരുക്കിനാൽ ശ്വാസംമുട്ടുന്ന കാഴ്ചകൾ കണ്ടാണ് 2022ലെ അവസാന ആഴ്ച കടന്നുപോയത്. വരും നാളുകളിലും ഇത് തുടർന്നുകൊണ്ടിരിക്കും.അപ്പോഴും പരിഹാരം കാണേണ്ടവർ 'കൂറ്റൻ ട്രെയിലറുകൾക്ക്' വഴിയൊരുക്കാനുള്ള തിരക്കിലായിരിക്കും.

ചുരം അടച്ചിട്ടുകൊണ്ട് കൂറ്റൻ ട്രെയിലറുകൾക്ക് രാത്രിയിൽ ചുരത്തിലൂടെ വഴിയൊരുക്കാൻ 'അക്ഷീണം' പ്രയത്നിച്ച ജില്ല ഭരണകൂടങ്ങളെയോ മറ്റു സർക്കാർ ഏജൻസികളെയോ പിന്നീട് കണ്ടില്ല. ജില്ല ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തി പ്രഖ്യാപനം നടത്തിയെങ്കിലും അടിയന്തരഘട്ടങ്ങളില്‍ പോലും വിദഗ്ധ ചികിത്സക്കായി ചുരമിറങ്ങുന്ന ആംബുലന്‍സുകളുടെ എണ്ണത്തില്‍ ഇപ്പോഴും കുറവൊന്നുമില്ല.

ചുരത്തിലെ ഗാതഗതക്കുരുക്കു താണ്ടിയുള്ള ഈ യാത്രകളില്‍ പൊലിയുന്ന ജീവിതങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണകൂടങ്ങള്‍. നിര്‍ദിഷ്ട ചുരം ബദല്‍പാതകള്‍ പതിറ്റാണ്ടുകളായി ചുവപ്പുനാടയില്‍ ഉറങ്ങുകയാണ്.

കടുവയും പുലിയും സർവസാധാരണമായ വർഷം

പുതുവത്സര തലേന്ന് പോലും വാകേരിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ ചത്ത വാർത്തയാണ് വയനാട്ടിൽനിന്നും പുറത്തുവന്നത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കാടിറക്കം സർവസാധാരമായ വർഷമായിരുന്നു 2022. പുതുവർഷത്തിലും ഇതിനൊരു മാറ്റമുണ്ടാകില്ലെന്ന് അടിവരയിടുന്നതാണ് ശനിയാഴ്ച പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

മുൻവർഷങ്ങളിൽ വനാതിർത്തികളിലെ ജനവാസ കേന്ദ്രങ്ങളിലായിരുന്നു കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയും കാട്ടുപന്നിയുമൊക്കെ നാശം വിതച്ചിരുന്നതെങ്കിൽ ജില്ലയിലെ നഗരങ്ങളോട് തൊട്ടുനിൽക്കുന്ന ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങാൻ തുടങ്ങി. ജില്ല ആസ്ഥാനമായ കൽപറ്റക്ക് സമീപം വരെ പലസമയങ്ങളിലായി പുലിയുടെ സാന്നിധ്യമുണ്ടായി.

ആഴ്ചകളോളം ഓരോ സ്ഥലത്തും തമ്പടിക്കുന്ന കടുവയും പുലിയും ഉൾപ്പെടെ വന്യമൃഗങ്ങൾ പശുക്കളെയും ആടുകളെയുമെല്ലാം ആക്രമിച്ച് ഭക്ഷണമാക്കി. ഇവയുടെ ആക്രമണത്തിനെതിരെ പ്രക്ഷോഭം നടത്തിയാൽമാത്രം അധികൃതർ താൽക്കാലിക പരിഹാരം കണ്ടു. ഹെക്ടര്‍ കണക്കിന് കൃഷിനാശമാണ് കര്‍ഷകര്‍ക്കുണ്ടായത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള വന്യമൃഗ പ്രതിരോധ പദ്ധതികളും പ്രഖ്യാപനങ്ങളില്‍ മാത്രമാണ്.

പുതുവർഷത്തിലും ഇതിന് മാറ്റമൊന്നും ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങൾക്കില്ല. ഓരോ സ്ഥലത്തും വന്യമൃഗങ്ങളിറങ്ങുമ്പോൾ അവയെ തുരത്താനും കൂടുവെച്ച് പിടികൂടാനുമുള്ള പ്രയത്നത്തിലായിരിക്കും വനംവകുപ്പ്. ഇത്തവണയും അത്തരത്തിലുള്ള നിരവധി ദൗത്യങ്ങളാണ് വനംവകുപ്പ് നടത്തിയത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുകയാണ്, ഇതിനൊരു ശാശ്വത പരിഹാരം എന്നുണ്ടാകും?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - 2023- Wayanad in anticipation of the New Year; Will there be any change here?
Next Story