സർക്കാർ മെഡിക്കൽ കോളജിലേക്ക്; 13 ഡോക്ടർമാർ കൂടി
text_fieldsമാനന്തവാടി സർക്കാർ മെഡിക്കൽ കോളജ്
മാനന്തവാടി: ഡോക്ടർമാരുടെ രൂക്ഷമായ ദൗർലഭ്യം നേരിടുന്ന വയനാട് സർക്കാർ മെഡിക്കൽ കോളജിലേക്ക് 13 ഡോക്ടർമാർകൂടി എത്തുന്നു. ഈ സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് സീനിയർ റസിഡന്റുമാരായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നിയമനം നൽകി. മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത വിഷയം ഉഷ വിജയൻ എം.എൽ.എ നിരവധി തവണ ആരോഗ്യ മന്ത്രിയുടെയും ഡയറക്ടറുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഒക്ടോബർ 29ന് ആരോഗ്യ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം വയനാട് മെഡിക്കൽ കോളജിലേക്ക് 13 സെഷലിസ്റ്റ് ഡോക്ടർമാർക്കാണ് സീനിയർ റെസിഡന്റുമാരായി നിയമനം നൽകിയത്. ജനറൽ സർജറി വിഭാഗത്തിലേയ്ക്ക് രണ്ട്, ഇമ്മ്യൂണോ ഹെമറ്റോളജി -ഒന്ന്, അസ്ഥിരോഗ വിഭാഗം രണ്ട്, ഫാർമക്കോളജി രണ്ട്, റേഡിയോളജി രണ്ട്, പൾമനോളജി ഒന്ന്, ഗൈനക്കോളജി ഒന്ന്, ജനറൽ മെഡിസിൻ ഒന്ന്, അനസ്തേഷ്യ ഒന്ന് എന്നിങ്ങനെ 13 പേർക്കാണ് നിർബന്ധിത സേവനം എന്നനിലയിൽ നിയമനം നൽകുന്നത്. ഇവർ ജോലിക്ക് ഹാജരാകുന്നതോടെ സർക്കാർ മെഡിക്കൽ കോളജിലെ രൂക്ഷമായ ഡോക്ടർ ക്ഷാമത്തിന് അറുതിവരുമെന്നാണ് പ്രതീക്ഷ.
പുതുതായി അനുവദിക്കപ്പെട്ട എം.ആർ.ഐ സ്കാനിങ്, റേഡിയോളജി വിഭാഗത്തിലേക്ക് രണ്ട് പുതിയ ഡോക്ടർമാർകൂടി ചുമതല ഏൽക്കുന്നതോടെ എക്സറേ, സി.ടി.എം.ആർ.ഐ വിഭാഗം പൂർണതോതിൽ സജ്ജമാകും. ഇതോടെ രോഗികൾക്കുള്ള സേവനവും പരിചരണവും കൂടുതൽ മെച്ചപ്പെടുത്തുവാൻ കഴിയുമെന്ന് ഉഷ വിജയൻ എം.എൽ.എയും മെഡിക്കൽ കോളജ് അധികൃതരും പറയുന്നു.
ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പ്രതിസന്ധിയിൽ അകപ്പെട്ട മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലേക്ക് വിദഗ്ധ ഡോക്ടർമാരെ സീനിയർ റസിഡന്റുമാരായി നിയമിക്കുന്നതിലും എം.ആർ.ഐ സ്കാനിങ് ഉൾപ്പെടെ സുസജ്ജമായ റേഡിയോളജി വിഭാഗം ഒരുക്കുന്നതിലും മന്ത്രിതലത്തിൽ ശക്തമായി ഇടപെട്ട എം.എൽ.എയെ ജില്ല യു.ഡി.എഫ് കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ അഭിനന്ദിച്ചു.v

