Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:30 AM IST Updated On
date_range 15 Feb 2022 5:30 AM ISTഗൂഡല്ലൂർ നഗരസഭ: 19ാം വാർഡിൽ വിജയസാധ്യതയുമായി സി.പി.ഐ
text_fieldsbookmark_border
ഗൂഡല്ലൂർ: ദിവസങ്ങൾ മാത്രം ബാക്കിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സംസ്ഥാനത്തു ചൂടുപിടിക്കുമ്പോൾ ഗൂഡല്ലൂർ നഗരസഭയിൽ വിജയസാധ്യത ഉറപ്പിച്ച് സി.പി.ഐ. തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണിയിൽ ആണെങ്കിലും ഗൂഡല്ലൂരിൽ സീറ്റ് നൽകാത്തതിനാൽ നഗരസഭയിലെ 8, 19 വാർഡുകളിൽ ഒറ്റക്ക് മത്സരിക്കാനും മറ്റു വാർഡുകളിൽ അർഹരായ സ്വതന്ത്രരെ പിന്തുണക്കാനുമാണ് സി.പി.ഐ തീരുമാനിച്ചത്. പാർട്ടി മത്സരിക്കുന്ന വാർഡുകളിൽ പ്രാദേശിക സംഘടനകളുടെ പിന്തുണ നേടുകയും ചെയ്തിട്ടുണ്ട്. ഇതിൽ 19ാം വാർഡിലെ വിജയം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് പാർട്ടി. നേരത്തേ ഒന്നാം വാർഡായിരുന്ന ഇവിടെ ഇപ്പോൾ പാർട്ടിയുടെ ജില്ല ജോയന്റ് സെക്രട്ടറി കൂടിയായ എ.എം. ഗുണശേഖരനാണ് സ്ഥാനാർഥി. എ.ഐ.ടി.യു.സിയുടെ കീഴിലുള്ള നിർമാണ തൊഴിലാളി യൂനിയൻ, ട്രാൻസ്‌പോർട്ട് തൊഴിലാളി യൂനിയൻ, തോട്ടം തൊഴിലാളി യൂനിയൻ എന്നിവയുടെ ഭാരവാഹിയുമാണ്. കാൽ നൂറ്റാണ്ടായി പ്രദേശത്തു താമസിക്കുന്ന ഇദ്ദേഹം ഇപ്പോഴും വാടകവീട്ടിലാണ്. സിൽവർ ക്ലൗഡ് എസ്റ്റേറ്റിന്റെ ഒരുഭാഗം ഈ വാർഡിൽ വരുന്നതിനാൽ ഇവിടത്തെ തൊഴിലാളി കുടുംബങ്ങളുടെ വോട്ടുകൾ ഉറപ്പിച്ചിരിക്കുകയാണ്. എസ്റ്റേറ്റിലെ 450ഓളം തൊഴിലാളികൾ എ.ഐ.ടി.യു.സി യൂനിയനിലെ അംഗങ്ങളാണ്. നേരത്തേ മൂന്നു തവണ വനിത വാർഡായിരുന്ന ഇവിടെ സി.പി.ഐ സ്ഥാനാർഥിയായി മത്സരിച്ച ധവമണി കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇപ്പോൾ പുരുഷ എസ്.സി വാർഡായതിനാൽ ഇതുവരെ പ്രചാരണ രംഗത്ത് സജീവമായിരുന്ന ഗുണശേഖരൻ തന്നെ രംഗത്തിറങ്ങിയിരിക്കുന്നതാണ് വിജയസാധ്യത വർധിപ്പിക്കുന്നത്. എങ്കിലും ഭരണകക്ഷി എന്ന നിലക്ക് ഡി.എം.കെയും വാർഡ് നിലനിർത്താനുള്ള വാശിയോടെ എ.ഡി.എം.കെയും സജീവമാണ്. ഇത് തള്ളിക്കളയുന്നില്ലെന്നും സി.പി.ഐ താലൂക്ക് സെക്രട്ടറി എ. മുഹമ്മദ് ഗനി പറഞ്ഞു. GDR A M G: ഗൂഡല്ലൂർ 19ാം വാർഡിൽ വോട്ടഭ്യർഥനയുമായി വീടുകൾ കയറിയിറങ്ങുന്ന സ്ഥാനാർഥി എ.എം. ഗുണശേഖരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
