Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമെഗാമേളക്ക് തുടക്കം;...

മെഗാമേളക്ക് തുടക്കം; ഇന്ന് ഷഹബാസ് അമന്റെ ഗസൽ

text_fields
bookmark_border
കൽപറ്റ: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം മെഗാ എക്സിബിഷന്‍ വയനാട് ജില്ലയില്‍ ശനിയാഴ്ച തുടങ്ങും. കൽപറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് മേയ് 13 വരെയാണ് എക്‌സിബിഷന്‍. ശനിയാഴ്ച വൈകീട്ട് നാലിന് വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഒ.ആര്‍. കേളു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കൽപറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പ്രദര്‍ശന നഗരിയിൽ വൈകീട്ട് 6.30 ന് ഗസൽ ഗായകൻ ഷഹബാസ് അമ​ൻ സംഗീതവിരു​ന്നൊരുക്കും. ഗസല്‍ സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജില്ല കലക്ടര്‍ എ. ഗീത നഗരി സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകളും ഒമ്പത് കല-സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷികമേളയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളയും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് മേള നടത്തുന്നത്. FRIWDL7 പ്രദര്‍ശന-വിപണന മേളയുടെ ഒരുക്കം ജില്ല കലക്ടര്‍ എ. ഗീത വിലയിരുത്തുന്നു പോഷകാഹാര വിതരണ പദ്ധതി നിര്‍വഹണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണം കല്‍പറ്റ: പൂതാടി പഞ്ചായത്തില്‍ അംഗൻവാടി പോഷകാഹാര വിതരണ പദ്ധതി നിര്‍വഹണത്തില്‍ നടന്ന 30 ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുധാകരന്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വി.ആര്‍. പുഷ്പന്‍, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പുൽപാറ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സി.പി.എം നേതാവായ രുക്മിണി സുബ്രഹ്‌മണ്യന്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2015-20ലാണ് പോഷകാഹാര വിതരണപദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട് നടന്നത്. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അനധികൃതമായി പോഷകാഹാര വിതരണത്തിനു ചെലവഴിച്ച 26.86 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് നിര്‍ദേശിച്ച ഓഡിറ്റ് വിഭാഗം വിശദാന്വേഷണവും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് സംസ്ഥാന ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മേലധികാരിക്കു സമര്‍പ്പിച്ചത്. പദ്ധതി നിര്‍വഹണത്തില്‍ 39 ലക്ഷം രൂപയുടെ അധികച്ചെലവ് കാണിച്ച് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് 2020 ഒക്ടോബര്‍ 30നു ചേര്‍ന്ന ഭരണസമിതി ചര്‍ച്ച ചെയ്തു. പദ്ധതിയില്‍ അധികം തുക ചെലവഴിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നു ചര്‍ച്ചക്കിടെ ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ വിശദീകരണം തേടാന്‍ തീരുമാനിച്ചു. അധികം ചെലവഴിച്ച തുക 2020-21ലെ പദ്ധതിയില്‍ റിവിഷനായി ഉള്‍പ്പെടുത്തണമെന്ന തീരുമാനം രേഖപ്പെടുത്തിയത് പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്ന 2020 നവംബര്‍ 11നു രാത്രി 10.05ന് ക്ലോസ് ചെയ്ത മിനുട്‌സിലാണ്. ഭരണസമിതിയിലെ ഒരു വിഭാഗം അംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഇത്. പദ്ധതിയില്‍ അധികം തുക വിനിയോഗിക്കുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കു അധികാരമില്ലെന്നിരിക്കെ തീരുമാനം സര്‍ക്കാര്‍ ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ജോലി ഒഴിവ് മുട്ടിൽ: കാരാപ്പുഴ വിനോദ സഞ്ചാരകേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യാന പരിപാലനത്തിന് ഒരു ഹോര്‍ട്ടികർചര്‍ അസിസ്റ്റന്റ്, ഒരു ഡെസ്റ്റിനേഷന്‍ മാനേജര്‍, നാല് വിമുക്ത ഭടന്മാരായ സെക്യൂരിറ്റി ഗാര്‍ഡുകള്‍, നാല് വനിത സെക്യൂരിറ്റി ഗാര്‍ഡുകള്‍, രണ്ടു ഗ്രീന്‍ പ്രോട്ടോകോള്‍ വളന്റിയേഴ്‌സ്, 10 തൊഴിലാളികള്‍ (ആറ് പുരുഷന്മാര്‍, നാല് വനിതകള്‍) എന്നിവരെ നിയമിക്കുന്നു. ഹോര്‍ട്ടികർചര്‍ അസിസ്റ്റന്റ്- ഹോര്‍ട്ടികൾചര്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഉദ്യാനപരിപാലനത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 25നും 35നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 25000 രൂപ. ഡെസ്റ്റിനേഷന്‍ മാനേജര്‍- അംഗീകൃത സർവകലാശാലയില്‍നിന്ന് ട്രാവല്‍ ആൻഡ് ടൂറിസം ഐച്ഛിക വിഷയമായി ലഭിച്ച ബിരുദം, മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുള്ള 21നും 35നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 20000 രൂപ. സെക്യൂരിറ്റി ഗാര്‍ഡുകള്‍-പുരുഷന്മാരുടെ ഒഴിവുകള്‍ വിമുക്ത ഭടന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. വനിത സെക്യൂരിറ്റി ഗാര്‍ഡുകള്‍ എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുള്ള 35നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 15,000 രൂപ. ഗ്രീന്‍ പ്രോട്ടോകോള്‍ വളന്റിയേഴ്‌സ്-കാരാപ്പുഴ പ്രദേശത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പട്ടികവർഗ വിഭാഗത്തിലുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഉദ്യോഗാർഥികള്‍ പത്താം ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. ഇരുചക്രവാഹന ലൈസന്‍സുള്ള 25നും 35നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 13,000 രൂപ. ഗാര്‍ഡന്‍ തൊഴിലാളികള്‍- മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 10 വാര്‍ഡുകളിലും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, 19 വാര്‍ഡുകളിലും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25നും 40നും മധ്യേ. അപേക്ഷകര്‍ ജില്ലയില്‍ നിന്നുള്ളവരായിരിക്കണം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേയ് 17ന് മുമ്പായി എക്‌സിക്യൂട്ടിവ് എൻജിനീയര്‍, കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്‍, കൽപറ്റ നോര്‍ത്ത്, പിന്‍-673122 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202246, 04936 247276.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story