Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:29 AM IST Updated On
date_range 16 March 2022 5:29 AM ISTകീഴടങ്ങിയ മാവോവാദിക്ക് പുനരധിവാസം
text_fieldsbookmark_border
കൽപറ്റ: വയനാട്ടില്‍ കഴിഞ്ഞവര്‍ഷം കീഴടങ്ങിയ മാവോവാദി ലിജേഷിന് പുനരധിവാസത്തിന്‍റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. നിയമസഭ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് ചടങ്ങ് നടന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പെടുത്തി എറണാകുളം ജില്ലയില്‍ സ്വന്തമായി വീട് നിർമിച്ചുനല്‍കുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്‍റെ താക്കോലും മുഖ്യമന്ത്രി കൈമാറി. സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോവാദി ലിജേഷിനെ (37) പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപെന്‍റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല പുനരധിവാസ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാറിനോട് അഭ്യർഥിച്ചതിനെ തുടര്‍ന്നാണ് നടപടി. വയനാട് ജില്ല പൊലീസ് മേധാവി മുമ്പാകെ കഴിഞ്ഞവര്‍ഷമാണ് കര്‍ണാടക വീരാജ്പേട്ട ഇന്ദിരാനഗര്‍ സ്വദേശി ലിജേഷ് (37) കീഴടങ്ങിയത്. വീടും സ്റ്റൈപെന്‍റും കൂടാതെ തുടര്‍പഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ജീവിതമാര്‍ഗം കണ്ടെത്തുന്നതിനായി ഗവ. ഐ.ടി.ഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താന്‍ സഹായം നല്‍കും. പുല്‍പള്ളി അമരക്കുന്നിൽ ജനിച്ച ലിജേഷ് അഞ്ച് വയസ്സുള്ളപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമ്മയുടേയും അമ്മയുടെ മാതാപിതാക്കളുടേയും ഒപ്പം വീരാജ്പേട്ടയിലേയ്ക്ക് കുടിയേറുകയായിരുന്നു. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട് മാവോവാദി സംഘാംഗങ്ങളുടെ സ്വാധീനത്തില്‍ സംഘടനയുടെ ഭാഗമായി. സര്‍ക്കാറിന്‍റെ മാവോവാദി കീഴടങ്ങൽ നയത്തെപ്പറ്റി അറിഞ്ഞതോടെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് ജില്ല പൊലീസ് മേധാവി മുമ്പാകെ കീഴടങ്ങുകയായിരുന്നു. സായുധസമരം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങുന്ന മാവോവാദികളെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരവും സ്റ്റൈപെന്‍റും ജീവനോപാധികളും നല്‍കാനായി 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് തയാറാക്കിയത്. കീഴടങ്ങുന്ന മാവോവാദികള്‍ക്ക് പാക്കേജിന്‍റെ ആനുകൂല്യം ലഭിക്കും. താല്പര്യമുള്ളവർ ജില്ല പൊലീസ് മേധാവിമാരെയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫിസുകളെയോ തദ്ദേശസ്ഥാപനങ്ങളെയോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. TUEWDL1 കീഴടങ്ങിയ മാവോവാദി ലിജേഷിന് പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ചെക്കും വീടിന്‍റെ താക്കോലും കൈമാറുന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ലിജേഷിന്‍റെ അമ്മ ലീല, വയനാട് ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ, ഐ.ജി അനൂപ് കുരുവിള ജോൺ എന്നിവർ സമീപം വിനോദസഞ്ചാര മേഖലയുടെ മുഖച്ഛായ മാറ്റാന്‍ 'സ്ട്രീറ്റ്' -ചേകാടിയില്‍ ജില്ലയിലെ ആദ്യഘട്ടത്തിലെ പ്രാദേശിക സാധ്യതാപഠനം പൂര്‍ത്തിയാക്കി മാനന്തവാടി: ടൂറിസം മേഖലക്ക് പുത്തനുണര്‍വേകി 'സ്ട്രീറ്റ്' പദ്ധതി. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 'ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖേനെ നടപ്പാക്കുന്ന പദ്ധതിയാണ് സ്ട്രീറ്റ്. ഈ പദ്ധതിപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മാനന്തവാടി എം.എൽ.എ ഒ.ആര്‍. കേളു നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. നിലവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ മാറ്റി സമീപപ്രദേശങ്ങള്‍ കൂടി ടൂറിസപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിലക്ഷ്യം. നിലവിലുള്ള ടൂറിസം കേന്ദ്രങ്ങളേയും ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെയുമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 10 പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ജില്ലയില്‍ പുല്‍പള്ളി പഞ്ചായത്തിലെ ചേകാടിയില്‍ ആദ്യഘട്ടത്തിലെ പ്രദേശിക സാധ്യതാപഠനം പൂര്‍ത്തിയാക്കി. ഫാം ടൂറിസം, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്, റിവര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് തുടങ്ങിയ വൈവിധ്യങ്ങളാണ് സ്ട്രീറ്റ് പദ്ധതിയില്‍ ഉണ്ടാകുക. ഓരോ പ്രദേശത്തിന്‍റെയും സാധ്യതകള്‍ക്കനുസരിച്ച് വനിത സംരംഭകരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടേയും പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തിന്‍റെ സാധ്യതകള്‍ക്കനുസരിച്ച് അതത് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. സ്ട്രീറ്റ് പദ്ധതി കാര്യക്ഷമമാകുന്നതോടെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. TUEWDL9 ചേകാടി വയൽ (ഫയൽ ചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story